പ്രൊഫസർ ജിഎൻ സായിബാബയെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ അപ്പീൽ; സുപ്രിംകോടതി ഇന്ന് പരിഗണിക്കും

0
140

പ്രൊഫസർ ജിഎൻ സായിബാബയെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച അപ്പീൽ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എം ആർ ഷാ, ബേലാ എം ത്രിവേദി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് അവധി ദിനമായ ഇന്ന് പ്രത്യേക സിറ്റിങ് നടത്തുക. രാവിലെ പതിനൊന്ന് മണിക്ക് വാദം കേൾക്കും.

ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചാണ് സായിബാബയെയും കേസിൽ ശിക്ഷക്കപ്പെട്ട മറ്റ് അഞ്ച് പേരെയും കുറ്റവിമുക്തരാക്കിയത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഡൽഹി സർവകലാശാല അദ്ധ്യാപകനായിരുന്ന ജിഎൻ സായിബാബയെ 2014 ലാണ് അറസ്റ്റ് ചെയ് തത്. കേസിൽ ജെഎൻയു വിദ്യാർഥി അടക്കം ആറ് പേർ അറസ്റ്റിലായി. 2017 ൽ യുഎപിഎ വകുപ്പുകൾ പ്രകാരം ഗച്ച് റോളിയിലെ സെഷൻസ് കോടതി എല്ലാവരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ മറ്റ് 5 പേരിൽ ഒരാളായ പാണ്ടു നരോത്തെ സെൻട്രൽ ജയിലിൽ വച്ച് മരിച്ചിരുന്നു.

പോളിയോ ബാധിച്ചു വീൽചെയറിലായ സായിബാബയ്ക്ക് ചികിത്സ പോലും നിഷേധിക്കുന്നതായി കുടുംബം ആരോപിച്ചിരുന്നു. അദ്ദേഹത്തിൻറെ മോചനത്തിനായി വിവിധ മനുഷ്യാവകാശ പ്രവർത്തകരും സംഘടനകളും രംഗത്തെത്തി. മാവോയിസ്റ്റ് ബന്ധമുള്ള റവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു, മാവോയിസ്റ്റ് അനുകൂലമായി പ്രസംഗിച്ചു എന്നതായിരുന്നു ചുമത്തപ്പെട്ട കുറ്റം. 2005 മുതൽ സംഘടനയുടെ നേതൃസ്ഥാനത്ത് സായിബാബയുടെ സാന്നിധ്യമുണ്ടെന്നായിരുന്നു കണ്ടെത്തൽ.