44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ടെസ്‌ല സിഇഒ എലോൺ മസ്‌കിനെതിരെ അന്വേഷണം

0
144

44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ടെസ്‌ല സിഇഒ എലോൺ മസ്‌കിനെതിരെ അന്വേഷണം നടക്കുകയാണെന്ന് ട്വിറ്റർ വ്യാഴാഴ്‌ച ഒരു കോടതി ഫയലിംഗിൽ അറിയിച്ചു. ട്വിറ്റർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മസ്‌കിനെതിരെ ഫെഡറൽ അധികാരികളുടെ അന്വേഷണം നടക്കുന്നുണ്ടെന്നാണ് ട്വിറ്റർ അഭിഭാഷകർ ഡെലാവെയറിലെ കോടതി ഫയലിംഗിൽ അറിയിച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്‌തു.

ഫെഡറൽ അധികാരികളുമായുള്ള ആശയവിനിമയവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ കമ്പനി മാസങ്ങളോളം മസ്‌കിന്റെ അഭിഭാഷകരോട് അഭ്യർത്ഥിച്ചെങ്കിലും ‘അന്വേഷണപരമായ പ്രത്യേകാവകാശം’ ചൂണ്ടിക്കാട്ടി അവർ അതിന് തയ്യാറായില്ലെന്ന് ട്വിറ്ററിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകർ പറഞ്ഞു. മസ്‌ക് അധികൃതർക്ക് നൽകിയ രേഖകൾ ആവശ്യപ്പെടാൻ കമ്പനി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഭിഭാഷകർ അറിയിച്ചു.

ഇടപാടുമായി ബന്ധപ്പെട്ട പ്രധാന പങ്ക് വഹിക്കുന്ന രേഖകളാവാം ഇവയൊന്നും, ഒളിച്ചുകളി അവസാനിപ്പിക്കാൻ മസ്‌കിനോട് ആവശ്യപ്പെടണമെന്നും ട്വിറ്റർ കോടതിയിൽ അറിയിച്ചതായി അഭിഭാഷകർ വ്യക്തമാക്കി. ഏപ്രിലിലാണ് ട്വിറ്റർ വാങ്ങാൻ ടെസ്‌ല സിഇഒ തീരുമാനം എടുത്തത്. എന്നാൽ ജൂലൈയിൽ വ്യാജ, സ്പാം അക്കൗണ്ടുകളുടെ എണ്ണത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം ഇടപാട് വേണ്ടെന്ന് വയ്ക്കുകയാണെന്ന് മസ്‌ക് അറിയിച്ചിരുന്നു.

എന്നാൽ മസ്‌കിന്റെ പെട്ടെന്നുള്ള പിന്മാറ്റത്തിൽ എതിർപ്പുമായി ട്വിറ്റർ രംഗത്ത് വന്നിരുന്നു. തുടർന്ന് മസ്‌കിനെതിരെ കമ്പനി കോടതിയെ സമീപിക്കുകയും ചെയ്‌തു. തുടർന്ന് ഈ മാസം കെ 17ന് കേസ് പരിഗണിക്കാൻ ഇരിക്കെ ട്വിറ്റർ ഏറ്റെടുക്കാമെന്ന് മസ്‌ക് അറിയിക്കുകയായിരുന്നു. ഒരു ഷെയറിന് 54.20 ഡോളറെന്ന വിലയിലാണ് ട്വിറ്റർ വാങ്ങുമെന്ന് അദ്ദേഹം അറിയിച്ചത്.

വ്യാഴാഴ്‌ച ‘ബേൺഡ് ഹെയർ’ എന്ന് വിളിക്കപ്പെടുന്ന ഒരു പെർഫ്യൂം പുറത്തിറക്കിയ എലോൺ മസ്‌ക്, ട്വിറ്റർ ഏറ്റെടുക്കലിന് ധനസഹായം നൽകുന്നതിന് തന്റെ 100 ഡോളർ പെർഫ്യൂം വാങ്ങാൻ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. “ദയവായി എന്റെ പെർഫ്യൂം വാങ്ങൂ, അങ്ങനെയെങ്കിൽ എനിക്ക് ട്വിറ്റർ വാങ്ങാം” മസ്‌ക് ഒരു ട്വീറ്റിലൂടെ പറഞ്ഞു.