കായണ്ണ മൊട്ടന്തറ ചാരുപറമ്പിൽ ഭഗവതി ക്ഷേത്രത്തിൽ ആൾ ദൈവത്തിനെതിരെ ശക്തമായ പ്രതിഷേധം

0
106

കായണ്ണ മൊട്ടന്തറ ചാരുപറമ്പിൽ ഭഗവതി ക്ഷേത്രത്തിൽ ആൾ ദൈവത്തിനെതിരെ ശക്തമായ പ്രതിഷേധം. ചാരുപറമ്പിൽ ക്ഷേത്രത്തിൽ പൂജകൾ ചെയ്തു വരുന്ന രവി എന്ന ആൾക്കെതിരെയാണ് ഇന്ന്, ഒക്ടോബർ 14 ന് രാവിലെ ശക്തമായ പ്രതിഷേധം ഉണ്ടായത്. ഇവിടെ ഇന്ന് കാലത്ത് എത്തിയ ഭക്തരെ പ്രതിഷേധക്കാർ തടയുകയും ചെയ്തു. നേരത്തെ ലൈംഗിക ചൂഷണത്തിന് പൊലീസ് കേസെടുത്ത ആളായിരുന്നു രവി. ഇതിനെ തുടർന്ന് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് ഇയാൾക്കെതിരെ സമരത്തിലായിരുന്നു.

ഇലന്തൂരിലെ നരബലിക്ക് ശേഷം പ്രതിഷേധം ശക്തമാക്കിയതിന്റെ ഭാഗമായാണ് ഇന്ന് പുലർച്ചെ 6 മണിയോടെ പ്രതിഷേധക്കാർ ഇവിടെ എത്തിയത്. പ്രതിഷേധക്കാർ ഇവിടേക്ക് വന്ന വാഹനങ്ങൾ കേടു വരുത്തി. പേരാമ്പ്ര എഎസ്പി ടി.കെ. വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. 5 ഓളം വാഹനങ്ങൾ പ്രതിഷേധക്കാർ കേടുവരുത്തിയതായിയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 3 വാഹനങ്ങൾ ഇപ്പോൾ പേരാമ്പ്ര പോലിസ്റ്റേഷനിലാണ് ഉള്ളത്. അതേസമയം മറ്റു വാഹങ്ങൾ ഉടമസ്ഥർക്ക് പരാതിയില്ലാത്തതിനാൽ തിരികെ കൊണ്ടുപോയി.

അതേസമയം പത്തനംതിട്ട ഇലന്തൂരിൽ നരബലിക്കായി രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. കേസിലെ അന്വേഷണവും തെളിവെടുപ്പും ഫോറൻസിക് പരിശോധനയും പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടാണ് പോലീസ് കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഇവരെ 12 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടത്. ഒക്ടോബർ 24 വരെയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. കസ്റ്റഡിയിൽ വിടാനുള്ള പോലീസിന്റെ ആവശ്യത്തെ എതിർത്ത പ്രതിഭാഗത്തിന്റെ വാദങ്ങളെ കോടതി പൂർണമായും തള്ളി കളയുകയായിരുന്നു.

സമൂഹ നന്മയ്ക്ക് വേണ്ടി കേസിലെ എല്ലാ വിവരങ്ങളും പുറത്ത് വരേണ്ടതാണെന്ന് പ്രോസിക്യൂഷൻ വാദത്തെ കോടതി അംഗീകരിക്കുകയായിരുന്നു. മുഹമ്മദ് ഷാഫി കൊടുംകുറ്റവാളിയണെന്നും കേസുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ അറിയണമെങ്കിൽ ഒന്നാം പ്രതിയെ വിശദമായി ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. ഇത് കോടതി അംഗീകരിക്കുകയും പ്രതികളെ 12 ദിവസത്തേക്ക് കസ്റ്റഡിയിൽ വിടുകയുമായിരുന്നു.