ഷാഫി 75 കാരിയായ വയോധികയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി

0
120

രണ്ട് സ്ത്രീകളെ നരബലി നൽകിയ കേസിലെ മുഖ്യ പ്രതി മുഹമ്മദ് ഷാഫി കോലഞ്ചേരിയിലെ 75 കാരിയായ വയോധികയെ ക്രൂര പീഡനത്തിന് ഇരയാക്കിയ കേസിലെ ഒന്നാം പ്രതിയാണ്. കേസിലെ മൂന്നാം പ്രതിയായ ഓമനയെ ഷാഫി പരിചയപ്പെടുന്നത് സിദ്ധൻ എന്ന പേരിലാണ്. മകൻ്റെ മദ്യപാനം മാറ്റി നൽകാമെന്ന് പറഞ്ഞാണ് അടുപ്പം സ്ഥാപിക്കുന്നത്. പൊലീസ് കൃത്യമായി കേസ് അന്വേഷിച്ചില്ലെന്നും താനും മകനും നിരപരാധിയാണെന്നും ഓമന പറഞ്ഞു.

2020 ലാണ് കോലഞ്ചേരി സ്വദേശിയായ 75 കാരിക്ക് ക്രൂര പീഡനം ഏൽക്കുന്നത്. കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷാഫി, രണ്ടും മൂന്നും പ്രതികൾ ഓമനയും മകൻ മനോജും. അതിക്രൂര പീഡനമാണ് വയോധികക്ക് നേരെ നടന്നതെന്ന് പൊലീസിന്റെയും ഡോക്ടർമാരുടെയും റിപ്പോർട്ടുകളുണ്ടായിരുന്നു. സ്വകാര്യ ഭാഗത്ത് ആഴമേറിയ മുറിവുകൾ ഉണ്ടായിരുന്നു. കത്തി പോലുള്ള മൂർച്ചയേറിയ ആയുധം കൊണ്ടുള്ളതാണ് മുറിവുകൾ എന്നാണ് ഡോക്ടർമാർ അന്ന് പറഞ്ഞത്. കേസിലെ ഒന്നാം പ്രതിയായ മുഹമ്മദ് ഷാഫിയാണ് ഈ കൊടും ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് ഓമനയുടെ വെളിപ്പെടുത്തൽ. സ്ഥിരം മദ്യപാനിയായ മകൻ മനോജിന്റെ സ്വഭാവം മാറ്റാം എന്നു പറഞ്ഞാണ് ഷാഫി സിദ്ധൻ ആയി ഓമനയെ പരിചയപ്പെട്ടത്.

പൊലീസ് കൃത്യമായി കേസ് അന്വേഷിക്കാത്തതിനാലാണ് സത്യാവസ്ഥ അന്നുതന്നെ പുറത്തു വരാത്തതെന്നാണ് കേസിലെ മൂന്നാം പ്രതിയായ ഓമന പറയുന്നത്. തന്നെയും മകനെയും പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ക്രൂരമായി മർദ്ദിച്ചു എന്നും ആരോപണമുണ്ട്. കേസിൽ നിയമനടപടികളുമായി മുന്നോട്ടുപോവുകയാണ് അവർ.

അതേസമയം, ഇലന്തൂർ നരബലി കേസിൽ കസ്റ്റഡിയിൽ ലഭിച്ച പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ചോദ്യം ചെയ്യലിലെ പുരോഗതി അനുസരിച്ച് തെളിവെടുപ്പ് നടത്തും. കേസിലെ പ്രധാന പ്രതി മുഹമ്മദ്‌ ഷാഫിയുടെ വലയിൽ കൂടുതൽ പെൺകുട്ടികൾ കുടുങ്ങിയിട്ടുണ്ടെന്നും പോലീസിന് പ്രാഥമിക വിവരം.

ഇലന്തൂർ നരബലിയുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന എല്ലാ ആരോപണങ്ങളും തലനാരിഴകീറി അന്വേഷിക്കാനാണ് തീരുമാനം. പതിനാറും, ഇരുപത്തി അഞ്ചും വയസുള്ള രണ്ട് പെൺകുട്ടികളെ കേസിലെ മുഖ്യപ്രതി ഷാഫി ഇലന്തൂരിൽ എത്തിച്ച് ലൈംഗിക ദുരുപയോഗം ചെയ്‌തതായി പൊലീസിന് വിവരമുണ്ട്. നിലവിൽ പരാതികൾ ഇല്ലെങ്കിലും ഗൗരവമായാണ് ഇക്കാര്യം പൊലീസ് പരിശോധിക്കുന്നത്. ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യലിന്നാണ് അന്വേഷണസംഘം കൂടുതൽ പ്രാധാന്യം നൽകുക. ഇതിന് പിന്നാലെയാകും തെളിവെടുപ്പ്.