നോർക്ക ഒപ്പിട്ടത്‌ യുകെയിലെ സർക്കാർ സ്ഥാപനങ്ങളുമായി ; വിദേശമന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചു

0
60

ആരോഗ്യപ്രവർത്തകർക്ക്‌ അവസരമൊരുക്കാൻ നോർക്ക ധാരണാപത്രം ഒപ്പിട്ടത്‌ യുകെ സർക്കാർ സ്ഥാപനങ്ങളുമായി. യുകെയിലെ ദേശീയ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന ഇന്റഗ്രറ്റഡ് കെയർ പാർട്ട്ണർഷിപ്പുകളിലൊന്നായ ഹംബർ ആൻഡ്‌ നോർത്ത്‌ യോർക്‌ഷെയർ ഹെൽത്ത്‌ ആൻഡ്‌ കെയർ പാർട്‌ണർഷിപ്പ്‌, നോർത്ത് ഈസ്റ്റ് ലിങ്കൻഷെയറിലെ ഹെൽത്ത്‌ സർവീസിന്റെ മാനസിക ആരോഗ്യ സേവനങ്ങൾ പ്രദാനം ചെയ്യുന്ന നാവിഗോ എന്നിവരുമായാണ് ധാരണാപത്രം ഒപ്പിട്ടത്.

കേന്ദ്രാനുമതി ഇല്ലാതെ സ്വകാര്യസ്ഥാപനവുമായാണ് ധാരണപത്രം ഒപ്പിട്ടതെന്ന്‌ കേന്ദ്ര വിദേശസഹമന്ത്രി വി മുരളീധരൻ അടക്കമുള്ളവർ ആരോപിച്ചിരുന്നു. എന്നാൽ, കരട്‌ ധാരണാപത്രം വിദേശ മന്ത്രാലയത്തിന്റെ അനുമതിക്കായി നൽകിയിരുന്നു. മന്ത്രാലയത്തിന്റെ നിർദേശംകൂടി ഉൾക്കൊള്ളിച്ച ധാരണാപത്രമാണ്‌ ഒപ്പിട്ടത്‌. സ്വന്തം മന്ത്രാലയത്തിൽ നടക്കുന്നതുപോലും സഹമന്ത്രി അറിയുന്നില്ലെന്ന ആദ്യം മുതലുള്ള ആക്ഷേപം ശരിവയ്‌ക്കുന്നതാണിത്‌.
1983 ലെ എമിഗ്രേഷൻ നിയമപ്രകാരം കേന്ദ്ര വിദേശമന്ത്രാലയത്തിലെ പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രൻസ്‌ അനുവദിച്ച രാജ്യാന്തര റിക്രൂട്ട്‌മെന്റ് ലൈസൻസുള്ള ഏജൻസിയാണ് നോർക്ക. ഇതുവഴി നോർക്കയ്‌ക്ക്‌ കമ്പനികളുമായോ, സർക്കാർ, സ്വകാര്യ ഏജൻസികളുമായോ നിയമപരമായ റിക്രൂട്ട്മെന്റ് കരാറുകളിൽ ഏർപ്പെടാം. എന്നാൽ, രണ്ടു രാജ്യങ്ങളിലേയും സർക്കാർ ഏജൻസികൾ ഉൾപ്പെടുന്ന കരാറായതിനാൽ കരട് ധാരണാപത്രം  വിദേശമന്ത്രാലയത്തിന്റെ അനുമതിക്കായി നൽകിയത്‌.

പുതിയ കരാർവഴി യുകെയിലെ മറ്റ് 41 കെയർ പാർട്ട്ണർഷിപ്പുകൾ വഴിയും റിക്രൂട്ട്‌മെന്റിനുള്ള വഴിയും തുറക്കും. നഴ്സിങ് ഇതര റിക്രൂട്മെന്റ്‌സാധ്യതകൾക്കും ആരോഗ്യരംഗത്തെ പരസ്പര സഹകരണത്തിനും കരാർ വഴിവയ്‌ക്കും. നവംബറിൽ കൊച്ചിയിൽ നടക്കുന്ന യുകെ ജോബ് ഫെസ്റ്റും തുടർന്ന് വർഷം രണ്ട് പ്രാവശ്യം നടത്തുന്ന ജോബ് ഈവന്റുകളും ധാരണാപത്രത്തിന്റെ നേട്ടമാണ്‌.