കേരളത്തെ നടുക്കിയ നരബലി കൂട്ടക്കൊല കേസിൽ പ്രതികളിലൊരാൾ മാപ്പുസാക്ഷിയാകുമെന്ന് സൂചനകൾ

0
108

കേരളത്തെ നടുക്കിയ നരബലി കൂട്ടക്കൊല കേസിൽ പ്രതികളിലൊരാൾ മാപ്പുസാക്ഷിയാകുമെന്ന് സൂചനകൾ. കൊലപാതകത്തിനു ദൃക്‌സാക്ഷികളില്ലാത്തതിനാലാണ് പ്രതികളിലൊരാളെ മാപ്പുസാക്ഷിയാക്കേണ്ടിവരുന്നത്. ഈ കേസിൽ മാപ്പുസാക്ഷിയാകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത് ഭഗവൽ സിങ്ങിനാണ്. അതേസമയം ഈ നീക്കത്തിൽ ചില പ്രതിസന്ധികളും ഉടലെടുത്തിട്ടുണ്ട്. കുറ്റകൃത്യത്തില്‍ ആദ്യാവസാനം പങ്കെടുത്തയാളെ മാപ്പുസാക്ഷിയാക്കുക എളുപ്പമല്ലെന്നുള്ളതാണ് അതിൽ പ്രധാനം. എന്നാല്‍, കുറ്റസമ്മതമൊഴി മജിസ്‌ട്രേറ്റിന്‌ മുന്നില്‍ രേഖപ്പെടുത്തിയാൽ മാപ്പുസാക്ഷിയാക്കാന്‍ പഴുതുണ്ടെന്നാണ് നിയമവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിലാണ് പൊലീസ് പ്രതീക്ഷ വയ്ക്കുന്നതും.

ക്രൂരമായ കൊലപാതകങ്ങൾക്ക് മുൻകെെയെടുത്തത് മുഖ്യപ്രതി മുഹമ്മദ്‌ ഷാഫിയും ഭഗവല്‍ സിങ്ങിൻ്റെ ഭാര്യ ലൈലയുമാണെന്നുള്ളതാണ് നിലവിൽ പുറത്തു വന്ന വിവരങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല ഇവർ കൊലപാതകവിവരം പുറത്താകുമെന്നു ഭയന്ന്‌ ഭഗവല്‍ സിങ്ങിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായും ലൈല പൊലീസിനു മൊഴി നൽകിയിരുന്നു. ഈ വിവരമറിഞ്ഞ് ഭഗവൽ സിങ് അസ്വസ്ഥനായെന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിൽ പൊലീസിനെ സഹായിക്കുന്ന പ്രധാന വിവരങ്ങൾ ഭഗവൽ സിങ് തുറന്നു പറയാനാണ് സാധ്യതയെന്നും കരുതുന്നു.

പൊലീസിനെ സഹായിക്കുന്ന പ്രധാന വിവരങ്ങൾ ഭഗവൽ സിങ് തുറന്നു പറഞ്ഞാൽ മറ്റു കാര്യങ്ങൾ പൊലീസിന് എളുപ്പമായി മാറും. പിന്നെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഇയാളെ ഹാജരാക്കി 164 പ്രകാരം കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയാൽ ഭഗവൽ സിങ്ങിനെ മാപ്പുസാക്ഷിയാക്കാന്‍ പോലീസിനു സാധിക്കും. ഭഗവൽ സിങ് മാപ്പുസാക്ഷിയായാൽ മാത്രമേ പ്രതികള്‍ക്കു കടുത്തശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ളൂവെന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

മാത്രമല്ല ഇലന്തൂര്‍ നരബലി കൂട്ടക്കൊല കേസ്‌ കോടതിയിലെത്തുമ്പോള്‍ മറ്റൊരു പ്രശ്നവും ഉടലെടുക്കും. ഇന്ത്യന്‍ ശിക്ഷാനിയമ(ഐപിസി)ത്തില്‍ നരബലിക്കു വകുപ്പോ ശിക്ഷയോ ഇല്ലെന്നുള്ളതാണ് പൊലീസിനെ കുഴപ്പിക്കുന്നത്. കൊലപാതകം (വകുപ്പ്‌ 302) എന്നുള്ളതു മാത്രമേ ചുമത്താൻ സാധിക്കുകയുള്ളു. അതേസമയം കുറ്റകൃത്യത്തിൻ്റെ രീതി എന്താണെന്ന ചോദ്യത്തിന് നരബലിയെന്നു രേഖപ്പെടുത്താമെന്നുള്ളത് മാത്രമാണ് മെച്ചം.

ഇലന്തൂര്‍ ഇരട്ടക്കൊല കേസില്‍ കൊലപാതകത്തിനു പുറമേ, ക്രിമിനല്‍ ഗൂഢാലോചന(120 ബി)യും ചുമത്തിയിട്ടുണ്ട്‌. തുടരെ രണ്ട്‌ കൊലപാതകങ്ങള്‍ നടന്നതിനാല്‍ പ്രതികളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷനും മറ്റ്‌ ശാസ്‌ത്രീയതെളിവുകളും നിരത്തിയാകും പ്രോസിക്യൂഷൻ പ്രതികൾക്ക് എതിരെ രംഗത്തെത്തുന്നത്. ഈ വാദങ്ങളിലൂടെ സംഭവത്തിലെ ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാമെന്നാണ് നിയമവിദഗ്‌ധര്‍ കരുതുന്നതും.