ആണവ അന്തർവാഹിനിയായ ഐഎൻഎസ് അരിഹന്തിൽ നിന്ന് ബാലിസ്‌റ്റിക് മിസൈൽ പരീക്ഷിച്ച് ഇന്ത്യ

0
146

ആണവ അന്തർവാഹിനിയായ ഐഎൻഎസ് അരിഹന്തിൽ നിന്ന് ബാലിസ്‌റ്റിക് മിസൈൽ (എസ്‌എൽബിഎം) ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. വെള്ളിയാഴ്‌ചയായിരുന്നു പരീക്ഷണം നടന്നത്. മുൻകൂട്ടി നിശ്ചയിച്ച ദൂരപരിധി വരെയാണ് മിസൈൽ പരീക്ഷിച്ചത്. ബംഗാൾ ഉൾക്കടലിലെ ലക്ഷ്യ സ്ഥാനത്ത് വളരെ ഉയർന്ന കൃത്യതയോടെ മിസൈൽ എത്തിയതായി പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട പ്രസ്‌താവനയിൽ പറഞ്ഞു.

പ്രവർത്തനപരവും സാങ്കേതികവുമായ എല്ലാ ആവശ്യകതകളും വിലയിരുത്തിയെന്നും, പൂർണ തൃപ്‍തരാണെന്നും പ്രസ്‌താവനയിൽ മന്ത്രാലയം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ആണവ പ്രതിരോധ ശേഷിയുടെ പ്രധാന വിഭാഗമായ എസ്എസ്ബിഎൻ പ്രോഗ്രാമിന്റെ വിലയിരുത്തലിലെ മുഖ്യ ഘടകമാണ് ഐഎൻഎസ് അരിഹന്തിൽ നടന്ന മിസൈൽ പരീക്ഷണം. ‘വിശ്വസനീയമായ മിനിമം പ്രതിരോധം’ എന്ന ഇന്ത്യയുടെ നയത്തിന് അനുസൃതമാണ് ഈ പരീക്ഷണമെന്നും പ്രസ്‌താവനയിൽ മന്ത്രാലയം കൂട്ടിച്ചേർത്തു.

ഐഎൻഎസ് അരിഹന്തിനെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം:

ഐഎൻഎസ് അരിഹന്ത് (SSBN 80) ഒരു നിയുക്ത S2 സ്ട്രാറ്റജിക് സ്ട്രൈക്ക് ന്യൂക്ലിയർ അന്തർവാഹിനിയാണ്. ഇന്ത്യയുടെ ആണവോർജ ബാലിസ്‌റ്റിക് മിസൈൽ അന്തർവാഹിനികളുടെ ക്ളാസായ അരിഹന്തിലെ മുഖ്യ കപ്പലാണിത്. തുറമുഖ നഗരമായ വിശാഖപട്ടണത്തിലെ ഷിപ്പ് ബിൽഡിംഗ് സെന്ററിൽ അഡ്വാൻസ്ഡ് ടെക്നോളജി വെസൽ (എടിവി) പദ്ധതിക്ക് കീഴിലാണ് 6,000 ടൺ ഭാരമുള്ള ഈ കപ്പൽ നിർമ്മിച്ചത്. 2009 ജൂലൈ 26ന് (കാർഗിൽ യുദ്ധ വിജയ ദിനം) മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആണ് അരിഹന്ത് നീറ്റിലിറക്കിയത്.