ഗ്യാന്‍വാപി കേസ്: ശിവലിംഗത്തിന്റെ കാര്‍ബണ്‍ ഡേറ്റിംഗ് വേണ്ടെന്ന് വാരാണസി കോടതി

0
157
Varanasi, June 14 (ANI): A view of the Gyanvapi Mosque, in Varanasi on Monday. (ANI Photo)

ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിനുള്ളില്‍ കണ്ടെത്തിയ ശിവലിംഗത്തിന് സമാനമായ ഘടനയുടെ കാര്‍ബണ്‍ ഡേറ്റിംഗ് ആവശ്യപ്പെട്ടുള്ള ഹര്‍ജി വാരാണസി കോടതി തള്ളി. ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിന്റെ വസുഖാനയിലോ റിസര്‍വോയറിലോ കണ്ടെത്തിയ ശിവലിംഗമെന്ന് അവകാശപ്പെടുന്ന വസ്തുവിന്റെ കാര്‍ബണ്‍ ഡേറ്റിംഗ് ആവശ്യപ്പെട്ട് ഹിന്ദു പക്ഷം സമര്‍പ്പിച്ച ഹര്‍ജിയാണ് വെള്ളിയാഴ്ച കോടതി തള്ളിയത്. ഗ്യാന്‍വാപി മസ്ജിദ് പരിസരത്ത് ആരാധന നടത്താന്‍ അവകാശം തേടി ഹര്‍ജി നല്‍കിയ ഹിന്ദു സ്ത്രീകളാണ് കാര്‍ബണ്‍ ഡേറ്റിംഗ് എന്ന ആവശ്യവും മുന്നോട്ട് വച്ച് ഹര്‍ജി നല്‍കിയത്. സുപ്രീംകോടതിയുടെ മെയ് 16 ലെ ഉത്തരവ് പ്രകാരം ഈ ഭാഗം സീല്‍ ചെയ്യാനാണ് നിര്‍ദ്ദേശം. അതിനാല്‍ അപേക്ഷ അംഗീകരിക്കാനാകില്ലെന്നാണ് ജില്ലാ ജഡ്ജി എ കെ വിശ്വേശ ഉത്തരവിറക്കിയത്.

കാശി വിശ്വനാഥ് ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളിക്കുള്ളില്‍ നിത്യാരാധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഞ്ച് ഹിന്ദു സ്ത്രീകള്‍ കോടതിയെ സമീപിച്ചത്. സിവില്‍ കോടതിയില്‍ എത്തിയ ഹര്‍ജി സുപ്രീം കോടതി ഇടപെട്ടാണ് വാരണാസി ജില്ലാകോടതയിലേക്ക് വിട്ടത്. കേസിന്റെ സങ്കീര്‍ണതയും വൈകാരികതയും പരിഗണിച്ച് മുതിര്‍ന്ന ജഡ്ജി തന്നെ കേസ് പരിഗണിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

ഒരു വസ്തുവിന്റെ പഴക്കം നിര്‍ണ്ണയിക്കുന്നതിനുള്ള ഒരു രീതിയാണ് കാര്‍ബണ്‍ ഡേറ്റിംഗ്. മസ്ജിദില്‍ നിന്നും ശിവലിംഗം കണ്ടെത്തിയതായി ഹിന്ദു പക്ഷം നേരത്തെ അവകാശപ്പെട്ടിരുന്നു. മുസ്ലീം ഹര്‍ജിക്കാര്‍ ഈ അവകാശവാദം നിഷേധിച്ചു. മുസ്ലീം പള്ളിയുടെ പുറം ഭിത്തിയില്‍ സ്ഥിതി ചെയ്യുന്ന ‘ഹിന്ദു ദൈവങ്ങളുടെ’ വിഗ്രഹങ്ങള്‍ ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഞ്ച് സ്ത്രീകള്‍ ഹര്‍ജി നല്‍കിയത്.

സെപ്തംബര്‍ 22ന് ഹിന്ദു പക്ഷം കാര്‍ബണ്‍ ഡേറ്റിംഗും ഇതിന്റെ ശാസ്ത്രീയ പരിശോധനകളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുസ്ലീം പക്ഷത്തിന്റെ അഞ്ജുമന്‍ ഇനാസാനിയ മസ്ജിയ് കമ്മിറ്റിയും ഹിന്ദു പക്ഷത്തെ വാദനിയായ രാഖി സിംഗും ഇതിനെ എതിര്‍ത്തു. കാര്‍ബണ്‍ ഡേറ്റിംഗ് ശിവലിംഗത്തിന്റെ ഘടനയെ തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകര്‍ കോടതിയില്‍ എതിര്‍പ്പ് ഉന്നയിച്ചത്.

വിവാദം

വിശ്വപ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേര്‍ന്നാണ് ജ്ഞാനവാപി മസ്ജിദ് സ്ഥിതി ചെയ്യുന്നത്. മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ ഉത്തരവനുസരിച്ച് പൊളിച്ചുമാറ്റിയ ഹിന്ദു നിര്‍മിതിയുടെ ഒരു ഭാഗത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്ന വാദങ്ങള്‍ ഏറെനാളായുണ്ടായിരുന്നു. ഇതാണ് വാരാണസി കോടതിയില്‍ ഒരു ഹര്‍ജിയായി ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്നത്.