Sunday
11 January 2026
26.8 C
Kerala
HomeKeralaമലയാള സിനിമാ നിര്‍മ്മാതാവിനെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടിയതായി പരാതി

മലയാള സിനിമാ നിര്‍മ്മാതാവിനെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടിയതായി പരാതി

മലയാള സിനിമാ നിര്‍മ്മാതാവിനെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടിയതായി പരാതി. എറണാകുളത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയില്‍ വിളിച്ചു വരുത്തി നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തിയെന്നും പ്രതികള്‍ 1.70 കോടി രൂപ തട്ടിയെടുത്തെന്നുമാണ് പരാതി. മലയാളത്തില്‍ ഒട്ടേറെ സിനിമകള്‍ നിര്‍മിച്ചിട്ടുള്ള തൃശൂര്‍ സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇടപ്പള്ളിയിലെ ആഡംബര ഹോട്ടലില്‍ മുറിയെടുത്ത് കാണണമെന്ന് യുവതി ആവശ്യപ്പെട്ടു. മുറിയിലെത്തിയതും പ്രതികള്‍ ബലമായി ദൃശ്യങ്ങള്‍ പകര്‍ത്തി പണം ആവശ്യപ്പെടുകയായിരുന്നു. മാനഭയം കാരണം 1.70 കോടി രൂപ പലപ്പോഴായി നല്‍കി. എന്നാല്‍ ഭീഷണി തുടരുകയും സാമ്പത്തികമായി തകരുകയും ചെയ്തതോടെ നിര്‍മ്മാതാവ് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

കോട്ടയം കോരുത്തോട് സ്വദേശി റെജി ജോര്‍ജ് മേരിദാസ്, കാസര്‍കോട് സ്വദേശി മൊയ്ദീന്‍, തൃശൂര്‍ ഇഞ്ചക്കുണ്ട് സ്വദേശി ബേബി മാത്യു, എറണാകുളം പച്ചാളം സ്വദേശി സാദിഖ് മേത്തലകത്ത്, തൃശൂര്‍ വിയ്യൂര്‍ സ്വദേശി അജിനി സണ്ണി എന്നിവര്‍ക്കെതിരെയാണ് പരാതി. പരാതിയില്‍ പറയുന്ന യുവതിയും മറ്റു രണ്ടു പേരും പരാതിക്കാരന്റെ ജീവനക്കാരും ഒരാള്‍ മുന്‍ ബിസിനസ് പങ്കാളിയുമാണ്. അഞ്ചു പേര്‍ക്കെതിരെ തൃശൂര്‍ ഒല്ലൂരില്‍ പോലീസിനു പരാതി നല്‍കിയെങ്കിലും കേസെടുത്തിരുന്നില്ല.

ഭരണ മുന്നണിയിലെ എംഎല്‍എയുമായി പ്രതികളില്‍ ഒരാള്‍ക്കുള്ള ബന്ധമാണ് കേസ് എടുക്കാതിരിക്കാന്‍ കാരണമെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു. കഴിഞ്ഞ 22ന് കോടതി നടപടികള്‍ക്കു നിര്‍ദേശിച്ചെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പരാതിക്കാരനു പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഒല്ലൂര്‍ പോലീസ് അറിയിച്ചു. ഈ സാഹചര്യത്തില്‍ കോടതി അലക്ഷ്യത്തിനു പരാതിയുമായി വീണ്ടും കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് പരാതിക്കാരന്റെ അഭിഭാഷക ബിമല ബേബി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments