വിവാഹം രജിസ്‌റ്റർ ചെയ്യാൻ മതം പരിഗണിക്കേണ്ട : ഹൈക്കോടതി

0
132

വിവാഹം രജിസ്‌റ്റർ ചെയ്യാൻ മതം പരിഗണിക്കേണ്ട കാര്യമില്ലെന്ന്‌ ഹൈക്കോടതി. 2008ലെ കേരള വിവാഹ രജിസ്‌ട്രേഷൻ നിയമം അനുസരിച്ച്‌  ഇതിൽ പ്രസക്തിയില്ലെന്ന്‌ കോടതി വ്യക്തമാക്കി. വിവാഹം നടന്നിരിക്കണമെന്നതാണ്‌  രജിസ്‌റ്റർ ചെയ്യാനുള്ള മാനദണ്ഡം. മറിച്ച്‌, മതത്തിന്‌ പ്രസക്തിയില്ല.

എറണാകുളം ജില്ലയിലെ  ഉദയംപേരൂർ സ്വദേശികളുടെ വിവാഹം രജിസ്‌റ്റർ ചെയ്യാൻ (ലോക്കൽ രജിസ്‌ട്രാർ ഓഫ്‌ മാര്യേജ്‌) കൊച്ചി നഗരസഭാ സെക്രട്ടറി വിസമ്മതിച്ചതിനെതിരെ നൽകിയ ഹർജിയിലാണ്‌ ജസ്‌റ്റിസ്‌ പി വി കുഞ്ഞിക്കൃഷ്‌ണന്റെ നിരീക്ഷണം.  2001ൽ കടവന്ത്ര ലയൺസ്‌ ഹാളിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ്‌ ഹിന്ദുമതവിശ്വാസികളായ പരാതിക്കാർ വിവാഹിതരായത്‌.  പരാതിക്കാരിലൊരാളായ ഭർത്താവും കുടുംബവും ഹിന്ദുമതവിശ്വാസികളും  രണ്ടാം പരാതിക്കാരിയുടെ (ഭാര്യ) അച്ഛൻ ഹിന്ദുവും അമ്മ മുസ്ലിം മതവിശ്വാസിയുമാണ്‌. എന്നാൽ, അമ്മ  മുസ്ലിമാണെന്നും ഇത്തരത്തിൽ രണ്ടു മതത്തിലുള്ളവരുടെ വിവാഹം ഈ നിയമത്തിന്റെ കീഴിൽ രജിസ്‌റ്റർ ചെയ്യാൻ കഴിയില്ലെന്നും രജിസ്‌ട്രാർ അറിയിച്ചു. നിയമപ്രകാരം വിവാഹം രജിസ്‌റ്റർ ചെയ്യാനുള്ള  അപേക്ഷകളും രണ്ട്‌ സാക്ഷികളെയും  ഹാജരാക്കിയശേഷമാണ്‌ രജിസ്‌ട്രേഷൻ തടഞ്ഞത്‌.

ഇതോടെ ദമ്പതികൾ  ഹൈക്കോടതിയെ സമീപിച്ചു. ദമ്പതികളുടെ മാതാപിതാക്കളുടെ മതം വിവാഹരജിസ്‌ട്രേഷന്‌ തടസ്സമല്ലെന്ന്‌ കോടതി  വ്യക്തമാക്കി. ഇവരുടെ അപേക്ഷ പരിഗണിച്ച്‌ രണ്ടാഴ്‌ചയ്‌ക്കകം  വിവാഹം രജിസ്‌റ്റർ ചെയ്‌ത സർട്ടിഫിക്കറ്റ്‌ നൽകാൻ ലോക്കൽ രജിസ്‌ട്രാർ ഓഫ്‌ മാര്യേജിന്‌(കോമൺ) നിർദേശം നൽകി.

ഹിന്ദു ആചാരപ്രകാരമാണ്‌ വിവാഹിതരായതെന്ന   കുടുംബാംഗങ്ങളുടെയും   സുഹൃത്തുക്കളുടെയും മൊഴിയുണ്ടായിട്ടും  രജിസ്‌റ്റർ ചെയ്യാതെ  ആശയക്കുഴപ്പമുണ്ടാക്കുന്നത്‌ എന്തിനെന്ന്‌ മനസ്സിലായില്ലെന്ന്‌ കോടതി പറഞ്ഞു. മതനിരപേക്ഷ രാജ്യത്ത്‌ ഓരോരുത്തർക്കും അവരുടെ മതത്തിൽ വിശ്വസിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു.