Saturday
20 December 2025
21.8 C
Kerala
HomeKeralaഅഴകിന് സർക്കാരിന്റെ പൂർണ്ണ പിന്തുണ: മന്ത്രി മുഹമ്മദ് റിയാസ്

അഴകിന് സർക്കാരിന്റെ പൂർണ്ണ പിന്തുണ: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിൽ ബേപ്പൂർ മുതൽ എലത്തൂർ വരെയുള്ള 23 കിലോമീറ്ററോളം വരുന്ന കടൽതീരം മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമാക്കുന്നതിനുള്ള കർമ്മ പദ്ധതികൾക്ക് രൂപം നൽകുന്നു.

ബീച്ചിന്റെ ശുചിത്വവുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളും പരിപൂർണ്ണ പിന്തുണ നൽകണമെന്ന് ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. നിരവധി സന്ദർശകർ എത്തുന്ന കടൽതീരം വൃത്തിയായി സൂക്ഷിക്കുന്നതിന് ഹരിത പെരുമാറ്റച്ചട്ടം നിർബന്ധമായും പാലിക്കപ്പെടണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ബീച്ച് കൂടുതൽ വൃത്തിയാക്കി സൗന്ദര്യ വൽക്കരിക്കാനുള്ള അഴക് പദ്ധതിയുമായി ബന്ധപ്പെട്ട് മേയർ ഡോ.ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തീരപ്രദേശങ്ങളിൽ യാതൊരു വിധത്തിലുമുള്ള അനധികൃത നിർമ്മാണങ്ങൾ ഇല്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

തീരദേശ മേഖലകളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം. യുവജനങ്ങളെ ലഹരി ഉപയോഗത്തിൽ നിന്നും പിൻതിരിപ്പിക്കാൻ
സാധ്യമായ ഇടങ്ങളിൽ കലാകായിക പ്രവർത്തനങ്ങൾക്കായി പ്രത്യേക സൗകര്യം ഒരുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

മാലിന്യ ശേഖരണം,സംസ്കരണം എന്നീ സംവിധാനങ്ങൾ കൃത്യമായി ഉപയോഗിക്കുന്നതിനും പരിചരിക്കുന്നതിനുമുള്ള അവബോധം സൃഷ്ടിക്കുന്നതിന് തീരപ്രദേശ മേഖലകളിൽ ക്യാമ്പയിനുകൾ സംഘടിപ്പിക്കാൻ കഴിയണമെന്ന് തുറമുഖം-മ്യൂസിയം- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർദ്ദേശിച്ചു.

എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, തുറമുഖ- മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, വനം –വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, കോഴിക്കോട് നോർത്ത് എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ എന്നിവർ രക്ഷാധികാരികളും മേയർ ഡോ.ബീന ഫിലിപ്പ് ചെയർമാനുമായി ബീച്ച് ക്ലീനിംഗ് മിഷന് രൂപം നൽകുന്നതിന് യോഗത്തിൽ തീരുമാനമായി.

ബേപ്പൂർ മുതൽ എലത്തൂർ വരെയുള്ള തീരദേശത്തെ ക്ലസ്റ്ററുകളായി തിരിക്കും. ഓരോ ക്ലസ്റ്ററിനും പ്രദേശവാസികളും, ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന മോണിറ്ററിങ് സമിതി രൂപീകരിക്കും. കടൽ തീരങ്ങളിൽ സന്ദർശകർ എത്തിച്ചേരുന്ന ഭാഗങ്ങളിൽ ശുചിത്വ പ്രോട്ടോകോൾ, ബോധവൽക്കരണ സന്ദേശങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ബോർഡുകൾ സ്ഥാപിക്കുക, മുലയൂട്ടൽ കേന്ദ്രം, ശൗചാലയങ്ങൾ, കുളിമുറികൾ, റിഫ്രഷ്മെന്റ് ഏരിയ എന്നിവ ഉൾക്കൊള്ളുന്ന പബ്ലിക് യൂട്ടിലിറ്റി സ്പേസ് , പോർട്ടബിൾ കണ്ടെയ്നർ ടോയ്ലെറ്റുകൾ എന്നിവ സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ച ചെയ്തു.

മേയറുടെ ചേംബറിൽ നടന്ന യോഗത്തിൽ, ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, എ.ഡി.എം സി മുഹമ്മദ് റഫീഖ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments