അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്തിയ അരക്കിലോ സ്വർണം പിടികൂടി; മലപ്പുറം സ്വദേശി പിടിയിൽ

0
152

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ അരക്കിലോ സ്വർണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം കാളികാവ് സ്വദേശി ഫസലുദ്ദീൻ (30) പൊലീസിന്റെ പിടിയിലായി. സ്വർണ്ണം ഇയാൾക്ക് മറ്റൊരാൾ കൈമാറുകയായിരുന്നു. സ്വർണ്ണം അടങ്ങിയ ബാഗ് കൈമാറിയ ആൾക്കായി അന്വേഷണം ആരംഭിച്ചു.

സെപ്റ്റംബറിലും കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട നടന്നിരുന്നു. ഒരു സ്ത്രീ ഉൾപ്പെടെ 3 പേരെയാണ് കസ്റ്റംസ് അന്ന് കസ്റ്റഡിയിലെടുത്തത്. ഒരു കോടി രൂപക്ക് മുകളിൽ മൂല്യം വരുന്ന 3 കിലോയിലധികം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.

ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ജംഷീദ്, വയനാട് സ്വദേശി ബുഷ്റ, ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുൽ ഷാമിൽ എന്നിവരിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. സ്വർണമിശ്രിതം ശരീരത്തിൻ്റെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടെ ജംഷീദിൽ നിന്ന് 1054 ഗ്രാം സ്വർണം പിടികൂടി. ബുഷ്റയിൽ 1077 ഗ്രാം സ്വർണം കണ്ടെടുത്തു. ഇവർ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. അബ്ദുൽ ഷാമിലും രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിക്കുകയായിരുന്നു. ഇയാളിൽ നിന്ന് 679 ഗ്രാം സ്വർണമിശ്രിതം പിടികൂടി.