ഒരുമണിക്ക് ലോട്ടറിയെടുത്തു, 2 മണിക്ക് ജപ്തിനോട്ടീസ്; മൂന്നരയ്ക്ക് പൂക്കുഞ്ഞിന് 70 ലക്ഷം ജാക്‌പോട്ട്‌

0
83

ശാസ്താംകോട്ട: ഒരുമണിക്ക് കേരള അക്ഷയ ലോട്ടറിയുടെ ടിക്കറ്റെടുത്തു. പിന്നാലെ രണ്ടുമണിക്ക് ബാങ്കിന്റെ ജപ്തിനോട്ടീസെത്തി. വഴികാണാതെ നെഞ്ചുപിടഞ്ഞ് കട്ടിലിൽ കിടക്കുമ്പോൾ മൂന്നരയ്ക്ക് ഭാഗ്യദേവതയുടെ 70 ലക്ഷം. ദുരിതക്കയത്തിൽനിന്ന് കരകയറ്റിയ ദൈവത്തിന് നന്ദിപറയുകയാണ്‌ പൂക്കുഞ്ഞ്.

മൈനാഗപ്പള്ളി ഷാനവാസ് മൻസിലിൽ പൂക്കുഞ്ഞിന് ബുധനാഴ്ച മണിക്കൂറുകൾക്കിടയിൽ നടന്ന സംഭവങ്ങളെല്ലാം അവിശ്വസനീയം. ബൈക്കിൽ സഞ്ചരിച്ച്‌ മീൻ വിറ്റാണ് കുടുംബം പോറ്റിവന്നത്.

ബുധനാഴ്ചയും മീൻവിറ്റുവരുന്നവഴിയിൽ മൈനാഗപ്പള്ളി പ്ലാമൂട്ടിൽ ചന്തയിൽ ചെറിയതട്ടിൽ ലോട്ടറി വിൽപ്പന നടത്തുന്ന വയോധികന്റെ കൈയിൽനിന്നാണ് ടിക്കറ്റെടുത്തത്. സമയം ഒരുമണിയോളമായി. നേരേ വീട്ടിലെത്തി അല്പംകഴിഞ്ഞപ്പോൾ കൈയിൽകിട്ടിയത് കോർപ്പറേഷൻ ബാങ്ക് കരുനാഗപ്പള്ളി കുറ്റിവട്ടം ശാഖയുടെ വായ്പ കുടിശ്ശിക ജപ്തി നോട്ടീസ്. വീടുവയ്ക്കുന്നതിന് ബാങ്കിൽനിന്ന് എട്ടുവർഷംമുമ്പ്‌ 7.45 ലക്ഷം രൂപ വായ്പയെടുത്തത് കുടിശ്ശികയായി ഒൻപതുലക്ഷത്തിലെത്തി.

നോട്ടീസ് കൈയിൽെവച്ച് എന്തുചെയ്യണമെന്നറിയാതെ ദുഃഖമടക്കി കിടക്കുമ്പോഴാണ് പൂക്കുഞ്ഞെടുത്ത എ.ഇസഡ്. 907042 എന്ന ടിക്കറ്റിന് ഒന്നാംസമ്മാനം ലഭിച്ചെന്ന സഹോദരന്റെ വിളിയെത്തിയത്. ആദ്യം വിശ്വാസംവന്നില്ല. പിന്നെ കുടുംബത്തിൽ സന്തോഷത്തിന്റെ നിമിഷങ്ങൾ. സത്യമാണെന്ന് ബോധ്യംവന്നതോടെ കാത്തുനിൽക്കാതെ നേരേപോയത് ഭാര്യ മുംതാസിന്റെ കരുനാഗപ്പള്ളിയിലെ കുടുംബവീട്ടിലേക്ക്. മറക്കാനാകാത്ത ബുധനാഴ്ച സമ്മാനിച്ച ദൈവത്തിന് നന്ദിപറഞ്ഞ് എല്ലാവരുമായി മടക്കം. വിദ്യാർഥികളായ മുനിർ, മുഹ്‌സിന എന്നിവരാണ് മക്കൾ.