Saturday
20 December 2025
18.8 C
Kerala
HomeIndiaസാമ്പത്തിക നഷ്‌ടം നേരിടുന്നു: 2500 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി ബൈജൂസ്‌

സാമ്പത്തിക നഷ്‌ടം നേരിടുന്നു: 2500 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി ബൈജൂസ്‌

രാജ്യത്തെ ടെക് കമ്പനികളുടെ കഷ്ടകാലം തുടരുന്നു. 2021 സാമ്പത്തിക വർഷത്തിലെ വരുമാന നഷ്‌ടം ഐടി സ്ഥാപനങ്ങളെ ചിലവ് നിയന്ത്രിക്കാനും പുതിയ നിയമനങ്ങൾ മരവിപ്പിക്കാനും ഏറ്റവും മോശം സാഹചര്യങ്ങളിൽ ജീവനക്കാരെ പിരിച്ചുവിടാനും പ്രേരിപ്പിക്കുന്നുണ്ട്. ഇതിന് ഉദാഹരണമാണ് സാമ്പത്തിക നഷ്‌ടം നേരിടുന്ന ടെക് സ്‌റ്റാർട്ടപ്പായ ബൈജൂസ് 2500 ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചത്.

പ്രൊഡക്റ്റ്, കണ്ടന്റ്, മീഡിയ, ടെക്നോളജി എന്നിവയുൾപ്പെടെയുള്ള വകുപ്പുകളിലായി ആകെയുള്ള 50,000 തൊഴിലാളികളിൽ 5 ശതമാനം പേരെയാണ് കമ്പനി അടുത്ത ആറ് മാസത്തിനുള്ളിൽ ഘട്ടം ഘട്ടമായി വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. ബജറ്റ് ചെലവുകൾ നിയന്ത്രിക്കുന്നതിനും മാർക്കറ്റിംഗും പ്രവർത്തന ചെലവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമാണ് കൂട്ട പിരിച്ചുവിടൽ പ്രഖ്യാപിച്ചത്.

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്‌റ്റാർട്ടപ്പായി തരംതിരിക്കപ്പെട്ട ബൈജൂസിന്റെ വരുമാന നഷ്‌ടം 4588 കോടി രൂപയാണ്. ബൈജൂസ് അതിന്റെ അനുബന്ധ സ്ഥാപനങ്ങളായ മെറിറ്റ് നേഷൻ, ട്യൂട്ടർവിസ്‌റ്റ, സ്കോളർ, ഹാഷ് ലേൺ എന്നിവയെ ഒരു ബിസിനസ് യൂണിറ്റിന് കീഴിൽ ലയിപ്പിക്കാൻ തയ്യാറെടുക്കുന്നതായി പിടിഐ റിപ്പോർട് ചെയ്‌തിട്ടുണ്ട്. അതേസമയം, ആകാശും ഗ്രേറ്റ് ലേണിംഗും വ്യക്തിഗത ബിസിനസുകളായി തന്നെ തുടരും.

“2023 മാർച്ചോടെ കൈവരിക്കാൻ ഉദ്ദേശിക്കുന്ന ലാഭ ക്ഷമതയിലേക്കുള്ള ഒരു പാത ഞങ്ങൾ രൂപകൽപന ചെയ്‌തിട്ടുണ്ട്. ഇന്ത്യയിലുടനീളം ഞങ്ങൾ കാര്യമായ ബ്രാൻഡ് അവബോധം സൃഷ്‌ടിച്ചിട്ടുണ്ട്. മാത്രമല്ല മാർക്കറ്റിംഗ് ബജറ്റ് ഒപ്റ്റിമൈസ് ചെയ്യാനും ചിലവുകൾക്ക് മുൻഗണന നൽകാനും അവസരമുണ്ട്. രണ്ടാമത്തേത് പ്രവർത്തന ചിലവും മൂന്നാമത്തേത് ഒന്നിലധികം ബിസിനസ് യൂണിറ്റുകളുടെ സംയോജനവുമാണ്” ബൈജൂസ്‌ സഹസ്ഥാപക ദിവ്യ ഗോകുൽനാഥ് പറഞ്ഞു.

വിദേശത്ത് ബ്രാൻഡ് അവബോധം സൃഷ്‌ടിക്കുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. പുതിയ പങ്കാളിത്തം സ്ഥാപിക്കാനും ഇന്ത്യൻ, വിദേശ ബിസിനസുകൾക്കായി 10,000 അധ്യാപകരെ നിയമിക്കാനും പദ്ധതിയിടുന്നതായി ദിവ്യ ഗോകുൽനാഥ് വ്യക്തമാക്കി. ഇതിലൂടെ വരുമാന നഷ്‌ടം നികത്താൻ കഴിയുമെന്നാണ് കണക്കുകൂട്ടലെന്നും അവർ പറഞ്ഞു.

മാസങ്ങളുടെ കാലതാമസത്തിന് ശേഷമാണ് ബൈജൂസ് അവരുടെ ഓഡിറ്റ് ചെയ്‌ത സാമ്പത്തിക റിപ്പോർട് ബുധനാഴ്‌ച പുറത്തിറക്കിയിരുന്നു. 2021 സാമ്പത്തിക വർഷത്തിൽ 4588 കോടി രൂപയുടെ നഷ്‌ടം നേരിട്ടതായി കമ്പനി അറിയിച്ചിരുന്നു. മുൻ സാമ്പത്തിക വർഷത്തേക്കാൾ 19 മടങ്ങ് കൂടുതലാണ് നഷ്‌ടം. 2022 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 10,000 കോടി രൂപയാണെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ലാഭനഷ്‌ടങ്ങളെ കുറിച്ചുള്ള കണക്കുകൾ കമ്പനി പുറത്ത് വിട്ടിരുന്നില്ല.

RELATED ARTICLES

Most Popular

Recent Comments