ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥാപിക്കും ; പുതുതലമുറ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള നൂതന വ്യവസായങ്ങൾ ആരംഭിക്കും : മുഖ്യമന്ത്രി

0
136

ഡിജിറ്റൽ സാങ്കേതികവിദ്യകളിലെ വിജ്ഞാന വ്യവസായങ്ങൾക്ക് പിന്തുണ നൽകാൻ ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥാപിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സർവകലാശാല ആരംഭിച്ച കേരളത്തിൽ പുതുതലമുറ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള നൂതന വ്യവസായങ്ങൾ ആരംഭിക്കും.  ആധുനിക ഗവേഷണം വികസിപ്പിക്കാനും വിജ്ഞാന സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താനും ഇത്തരം നടപടികൾ സഹായിക്കും. നാനോ ടെക്‌നോളജിയുടെയും ഗ്രാഫീൻപോലുള്ള ഭാവി സാമഗ്രികളുടെയും വികസനത്തിൽ ഏർപ്പെട്ട സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും. പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾക്ക് പ്രത്യേക ഗ്രാന്റ്‌ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രാഫീൻ മേഖലയിലെ സഹകരണത്തിന്‌ മാഞ്ചസ്റ്റർ, ഓക്‌സ്‌ഫെഡ്, എഡിൻബറോ, സൈഗൻ സർവകലാശാലകളുമായി ഡിജിറ്റൽ സർവകലാശാലാ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പിട്ടിരുന്നു.

പ്രൊഫ. ഹരീഷ് ഭാസ്കരൻ (ഓക്‌സ്‌ഫെഡ്‌), സേതു വിജയകുമാർ (എഡിൻബറോ), ഭാസ്കർ ചൗബേ (സൈഗൻ), ഡിജിറ്റൽ സർവകലാശാലാ വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, പ്രൊഫ. അലക്‌സ്‌ ജെയിംസ്, ചീഫ് സെക്രട്ടറി ഡോ. വി പി ജോയി, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

നൊബേൽ 
ജേതാവിന്റെ പിന്തുണ
ഗ്രാഫീൻ രംഗത്തെ സർക്കാർ ഇടപെടൽ വ്യവസായരംഗത്ത്‌ കേരളത്തെ മുന്നിൽ എത്തിക്കുമെന്ന്‌ നൊബേൽ പുരസ്‌കാര ജേതാവ്‌ ആന്ദ്രെ ഗെയിം. ഗ്രാഫീൻ രംഗത്തെ സഹകരണത്തിന്‌ കേരളത്തിലെ ഡിജിറ്റൽ സർവകലാശാലയുമായി ധാരണപത്രം കൈമാറിയ ചടങ്ങിലാണ്‌ പ്രതികരണം. ഗ്രാഫീൻ കണ്ടുപിടിത്തത്തിനാണ്‌ മാഞ്ചസ്റ്റർ സർവകലാശാലയിലെ ആന്ദ്രെ ഗെയിം 2010ൽ നൊബേൽ പുരസ്‌കാരം നേടിയത്‌. ഗെയിമിന്റെ ശിഷ്യനും മലയാളിയുമായ പ്രൊഫ. രാഹുൽ നായരും ചടങ്ങിൽ പങ്കെടുത്തു.

എന്താണ്‌ ഗ്രാഫീൻ
മനുഷ്യജീവിതത്തിൽ വിപ്ലവകരമായ മാറ്റംവരുത്താൻ കഴിവുള്ള അത്ഭുതപദാർഥമായാണ്‌ ഗ്രാഫീനെ ശാസ്‌ത്രലോകം കാണുന്നത്‌. ഇതിന്‌ വജ്രത്തേക്കാൾ 40 ഇരട്ടിയും ഉരുക്കിനേക്കാൾ 200 ഇരട്ടിയും ശക്തിയുണ്ട്‌. വളരെ നേർത്തതും. 
സുതാര്യവും വൈദ്യുതി ചാലകവുമായ ഗ്രാഫീന്‌ വിശേഷ ഭൗതിക, താപ, വൈദ്യുത, ഒപ്‌റ്റിക്കൽ പ്രത്യേകതകളുണ്ട്‌. ഇലക്‌ട്രോണിക്‌സ്‌, വ്യവസായം, നിർമാണ മേഖലകളിൽ വലിയ മാറ്റത്തിന്‌ സഹായകമാകും.