ജാര്‍ഖണ്ഡിലെ ദുംക ജില്ലയിൽ ദളിത് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

0
104

ജാര്‍ഖണ്ഡിലെ ദുംക ജില്ലയിൽ ദളിത് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ സംഭവമാണിത്. മൃതദേഹം കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയും ശേഷം പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയക്കുകയും ചെയ്തു.

ഇത് കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പൂര്‍ണമായും ജീര്‍ണിച്ച നിലയിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പെണ്‍കുട്ടി മരിച്ചിട്ട് ദിവസങ്ങളായി എന്നാണ് മനസിലാക്കുന്നത്. മരിച്ച പെണ്‍കുട്ടി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്‌. പെൺകുട്ടി മുത്തശ്ശിക്കും സഹോദരങ്ങള്‍ക്കും ഒപ്പം ദുംകയിലെ അംബജോറ ഗ്രാമത്തിലാണ് താമസിച്ചിരുന്നത്.

ഈ പെൺകുട്ടിയ്ക്ക് രാംകുമാര്‍ മറാണ്ടി എന്ന യുവാവുമായി ബന്ധമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. ഇയാൾ പെണ്‍കുട്ടിയെ കാണാന്‍ വീട്ടില്‍ എത്തുമായിരുന്നു. ഇതില്‍ പ്രകോപിതനായ വീട്ടുടമ പെണ്‍കുട്ടിയുടെ വീട്ടുകാരോട് വീട് മാറാൻ ആവശ്യപ്പെട്ടിരുന്നു. ശേഷം സെപ്തംബര്‍ 26 ന് പെണ്‍കുട്ടിയുടെ പിതാവ് വീടുടമയോട് സംസാരിക്കുകയും മകളുടെ പരീക്ഷ കഴിയുന്നതുവരെ അവിടെ താമസിക്കാന്‍ അനുവദിക്കണമെന്ന കാര്യം അവതരിപ്പിക്കുകയും ചെയ്തു. ശേഷം തൊട്ടടുത്ത ദിവസം തന്നെ പെണ്‍കുട്ടി അംബജോഡയില്‍ നിന്ന് ബത്തല്ല ഗ്രാമത്തിലുള്ള അമ്മാവന്റെ വീട്ടിലേക്ക് പോകുകയും അവിടെ നിന്നും ഒക്ടോബര്‍ ഏഴിന് മാതാപിതാക്കളുടെ അടുക്കലേക്ക് പോകുന്നുവെന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. എന്നാല്‍ എത്തേണ്ട സമയമായിട്ടും പെണ്‍കുട്ടി വീട്ടില്‍ എത്തിയില്ല. ശേഷം വീട്ടുകാര്‍ കുട്ടിയെ അന്വേഷിക്കാന്‍ തുടങ്ങുകയും ഒക്ടോബര്‍ 10ന് യുവതിയുമായി അടുപ്പത്തിലായിരുന്ന രാംകുമാര്‍ മറാണ്ടിയെ വിളിച്ചന്വേഷിക്കുകയും ചെയ്തു. പെൺകുട്ടിയെ കുച് കൂടുതൽ വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് അടുത്ത ദിവസം തന്നെ വീട്ടുകാർ പോലീസില്‍ മിസ്സിംഗ് കേസ് ഫയല്‍ ചെയ്തു.

ശേഷം ബത്തല്ല ഗ്രാമത്തില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം മരത്തില്‍ തൂങ്ങിക്കിടക്കുന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ അവര്‍ സ്ഥലത്തെത്തുകയും കാണാതായ കുട്ടിയുടെ മൃതദേഹമാണെന്ന് തിരിച്ചറിയുകയുമായിരുന്നു. മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്ന പോലീസ് ഇതൊരു കൊലപാതമായിരിക്കാം എന്ന നിലയിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.