എന്താണ് സറഗസി? ഗർഭപാത്രം വാടകക്കെടുക്കുന്നതിലെ നിയമസാധ്യത എന്താണ് ?

0
162

തെന്നിന്ത്യൻ താരം നയൻതാരയ്ക്കും ഭർത്താവ് വിഘ്നേഷ് ശിവനും തങ്ങൾ ഇരട്ടകുഞ്ഞുങ്ങളുടെ മാതാപിതാക്കളായതോടെയാണ് സറഗസി അഥവാ വാടക ഗർഭപാത്രം എടുത്തുള്ള ഗർഭധാരണ രീതി ഏറെ ചർച്ചയായത്. യഥാർത്ഥത്തിൽ എങ്ങനെയാണ് ഇത് സാധ്യമാകുന്നത്? എന്താണ് വാടക ഗർഭധാരണം,നിയമങ്ങൾ, ആർക്കൊക്കെ ഈ രീതി സ്വീകരിക്കാം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അറിയാം

ദമ്പതികളുടെ പൂർണസമ്മതത്തോടെ തങ്ങളുടെ കുഞ്ഞിനെ മറ്റൊരു സ്ത്രീ പ്രസവിക്കുകയെന്നതാണ് വാടകഗർഭധാരണം കൊണ്ട് ഉദ്ദേശിക്കുന്നത്. ദമ്പതികൾക്ക് വന്ധ്യതയോ മറ്റ് അനാരോഗ്യ പ്രശ്നങ്ങളോ ഉണ്ടെങ്കിലാണ് വാടക ഗർഭധാരണം നടക്കുക. വാണിജ്യ ആവശ്യങ്ങൾക്കായി വാടക ഗർഭധാരണം ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. പ്രധാനമായും രണ്ട് തരം വാടക ഗർഭധാരണ രീതിയാണ് ഉള്ളത്. ഒന്ന് ട്രഡിഷണൽ സറോഗസി,രണ്ട് ജെസ്റ്റെഷണൽ സറോഗസി.

ട്രഡിഷണൽ സറഗസി- ഈ രീതിയിൽ ആരോഗ്യമുള്ള സ്ത്രീയുടെ ഗർഭപാത്രത്തിലേക്ക് ദമ്പതികളിൽ പുരുഷന്റെ ബീജം നിക്ഷേപിക്കും. തുടർന്ന് സ്ത്രീ ദമ്പതികൾക്കായി കുഞ്ഞിനെ പ്രസവിച്ചു നൽകും. നിയപരമായി കുട്ടിയുടെ മാതാപിതാക്കൾ ഈ ദമ്പതികളായിരിക്കും. എന്നിരുന്നാലും കുട്ടിയുടെ ബയോളജിക്കൽ മദർ എന്നത് ഗർഭധാരണം നടത്തിയ സ്ത്രീയാണ്.കാരണം ഇവരുടെ അണ്ഡമാണ് കൃത്രിമമായി നിക്ഷേപിക്കപ്പെട്ട ബിജത്തിൽ കലരുന്നത്.

ജെസ്റ്റെഷണൽ സറഗസി- ദമ്പതികളിൽ സ്ത്രീയുടേയും പുരുഷന്റേയും അണ്ഡവും ബീജവും ശേഖരിച്ച് ഇവ സംയോജിപ്പിച്ച് മറ്റൊരു സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയാണ് ചെയ്യുക.വിവാഹിതരായി അഞ്ച് വർഷം കഴിയണം. ഭാര്യക്ക് 25-50 വയസും ഭർത്താവിന് 26-55 വയസും ഇടയിൽ പ്രായം വേണം. ദമ്പതികൾക്ക് നേരത്തേ കുട്ടികൾ ഉണ്ടാകാൻ പാടില്ല. മാനസികമോ ശാരീരികമോ ആയ വൈകല്യമുള്ള കുട്ടികൾ അല്ലെങ്കിൽ മറ്റ് അനോരോഗ്യമുള്ള കുട്ടികൾ ഉള്ള മാതാപിതാക്കൾക്ക് വാടകഗർഭധാരണത്തെ ആശ്രയിക്കാം. ഗർഭം ധരിക്കാൻ ആരോഗ്യാവസ്ഥ അനുവദിക്കാത്തവർക്കും ഈ മാർഗം പരിഗണിക്കാം.ഇന്ത്യക്കാരായ 35- 45 പ്രായഗണത്തിലുള്ള വിധവകൾക്കും അനുമതിയുണ്ട്. മുൻപ് വാടക ഗർഭധാരണത്തെ ആശ്രയിക്കാത്തവരായിരിക്കണം.

വാടക ഗർഭധാരണം അനിവാര്യമാണെന്ന് ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ ദമ്പതികൾ സമർപ്പിക്കേണ്ടതുണ്ട്. സാഹചര്യം രേഖമൂലം സമർപ്പിക്കുകയും ജില്ലാ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, വാടക ഗർഭധാരണത്തിന് തയ്യാറാകുന്ന സ്ത്രീക്കുള്ള ഇൻഷുറൻസ് പരിരക്ഷ എന്നിവയെല്ലാം ഉറപ്പാക്കണം.

ആർക്കൊക്കെ വാടക ഗർഭധാരണത്തിന് തയ്യാറാകാം

വാടക ഗർഭധാരണത്തിന് തയ്യാറാകുന്ന സ്ത്രീകൾ ദമ്പതികളുടെ ബന്ധുവായിരിക്കണം. 25-35 വയസ്സിനിടയിൽ പ്രായമുള്ള സ്ത്രീകളായിരിക്കണം. ഇവർ വിവാഹിതരും അമ്മമാരുമായിരിക്കണം.വാടക ഗർഭധാരണത്തിനുള്ള മെഡിക്കൽ, സൈക്കോളജിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇവർക്ക് നിർബന്ധമാണ്.

നിയമവും ശിക്ഷയും

വാടക ഗർഭധാരണത്തിലെ ചൂഷണവും കച്ചവടവും നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള കർശന നിയമങ്ങൾ ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ വർഷമാണ് രാജ്യത്ത് വാടക ഗർഭധാരണ നിയന്ത്രണ നിയമം പ്രാബല്യത്തിൽ വന്നത്. വാണിജ്യ ഗർഭധാരണം നിരോധിക്കുകയും നിയമപരമായി അതിനവകാശമുള്ളവർക്ക് ശരിയായ രീതിയിൽ തന്നെ ഇത് സാധ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നിയമം നടപ്പാക്കിയത്. വാണിജ്യ താത്പര്യത്തോടെ വാടക ഗർഭധാരണം വാഗ്ദാനം ചെയ്യുന്ന അനധികൃത ക്ലിനിക്കുകൾക്കും ലാബുകൾക്കും കനത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് ബിൽ. നിയമം ലംഘിച്ചാൽ 10 വർഷം വരെ തടവും 10 ലക്ഷം രൂപയും ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം. പ്രതിഫലേച്ഛയില്ലാതെയുള്ള വാടക ഗർഭധാരണമാണെങ്കിൽ ഇതുമായി ബന്ധപ്പെട്ട് 5 വർഷം തടവും 5 ലക്ഷം പിഴയും വരെ ഈടാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.