പ്രകാശ് ജാവദേക്കറുടെ കേരള സന്ദർശനത്തിനു പിന്നിൽ രാഷ്ട്രീയ അജണ്ടയോ; കേന്ദ്ര നേതാക്കളെത്തുന്നത് കേരള നേതൃത്വം അശക്തരായതിനാലെന്ന് വിമർശനം

0
172

മുൻ കേന്ദ്ര പരിസ്ഥിതി-വനം വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറുടെ കേരള സന്ദർശനം ബിജെപിയുടെ പുതിയ അടവുനയത്തിന്റെ ഭാ​ഗമെന്ന് വിമർശനം. നാല് ദിവസത്തെ കേരള സന്ദർശനത്തിനായി ഈ മാസം എഴിനാണ് പ്രകാശ് ജാവദേക്കർ കേരളത്തിലെത്തിയത്. എന്നാൽ തൃശ്ശൂർ, കോട്ടയം ജില്ലകളിലെ ചില മാധ്യമ സ്ഥാപനങ്ങളും, ബിജെപി നേതാക്കളെയും സന്ദർശിച്ച ശേഷം വാസ്തുത വിരുദ്ധ പത്ര സമ്മേളനം നടത്തി മടങ്ങുകയായിരുന്നു അദ്ദേഹം. തൃശ്ശൂർ വാടനപ്പള്ളിയിലെ ധന്യ റിസോർട്ടിൽ വച്ചാണ് ബിജെപി നേതാക്കളുമായി ഇദ്ദേഹം ചർച്ച നടത്തിയത്. ശേഷം കോട്ടയം ജില്ലയിലേക്ക് പുറപ്പെട്ടു. പിറ്റേദിവസം മലയാള മനോരമ, മംഗളം വർഗ്ഗീസിന്റെ വസതി, ദീപിക ദിനപത്രം ഓഫീസ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.

ഒക്ടോബർ 10 ന് കോട്ടയത്ത് വച്ച് നടത്തിയ പത്രസമ്മേളനത്തിൽ സിപിഐ എമ്മിനെ കടന്നാക്രമിക്കുകയായിരുന്നു പ്രകാശ് ജാവദേക്കർ. ഒപ്പം കേരളത്തിനെതിരെ അപകീർത്തി പരാമർശവും വ്യാജ ആരോപണങ്ങളും ഉന്നിയിച്ചു. കേരള സർക്കാരിന്റെ വരുമാനം മദ്യം, ലോട്ടറി, കള്ളക്കടത്ത് എന്നിവയിൽ നിന്നാണെന്നായിരുന്നു പരാമർശം. വരാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് കൃത്യമായ അജണ്ടയോടെയാണ് ബിജെപി കേന്ദ്ര നേതൃത്വം നീക്കങ്ങൾ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് അടിക്കടിയുള്ള കേന്ദ്ര നേതാക്കളുടെ കേരള സന്ദർശനവും വിവാദ പ്രസ്താവനകളുമെന്നും വിമർശനമുണ്ട്.

കേരളത്തിലെ ബിജെപിയിൽ തമ്മിൽ തല്ല് രൂക്ഷമാവുന്ന സാഹചര്യത്തിൽ കേന്ദ്രനേതാക്കളെ ഇറക്കി വിഷയം മാറ്റാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് ആക്ഷേപവുമുണ്ട്. മഞ്ചേശ്വരം കോഴ കേസുൾപ്പെടെ പല വിഷയത്തിലും ബിജെപി നേതാക്കൾ പ്രതിക്കൂട്ടിൽ നിൽക്കുന്നതിനാൽ സംസ്‌ഥാന രാഷ്ട്രീയം കൈകാര്യം ചെയ്യാൻ കേരളത്തിലെ നേതാക്കൾ പൊതുവേ അശക്തരാണെന്നാണ് വിലയിരുത്തൽ. കേന്ദ്ര നേതാക്കൾ മറ്റ്‌ സംസ്ഥാനങ്ങളിൽ ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം ഇവിടെ ചെലവഴിക്കുന്നത് ഇതുമൂലമാണെന്നും ആക്ഷേപമുണ്ട്.