മയക്കുമരുന്നുകടത്ത്‌ തടയാൻ പരിശോധന കർശനമാക്കും: മന്ത്രി എം ബി രാജേഷ്‌

0
124

സംസ്ഥാനത്തേക്ക് മാരക മയക്കുമരുന്നുകൾ എത്തുന്നത് തടയാൻ പരിശോധന കർശനമാക്കുന്നതോടൊപ്പം വാളയാറിൽ ഡ്രഗ്സ് ഡിക്ടറ്ററുകൾ സ്ഥാപിക്കുമെന്നും മന്ത്രി എം ബി രാജേഷ്. തൃപ്പൂണിത്തുറയിൽ കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ  സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

എക്സൈസ് വകുപ്പ് ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി സൈബർസെൽ നവീകരിക്കും. ഉദ്യോഗസ്ഥർക്ക് വാഹനങ്ങളും ആയുധങ്ങളും വേഗത്തിൽ ലഭ്യമാക്കും.  രാജ്യത്ത്‌ ആദ്യമായാണ് മയക്കുമരുന്നിനെതിരെ ജനങ്ങളുടെ പൂർണപിന്തുണയോടെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്‌. സർക്കാരിനൊപ്പം കക്ഷിരാഷ്ട്രീയത്തിന് അതീതമായി പൊതുസമൂഹവുമുണ്ട്‌. ഈ പോരാട്ടത്തിന്റെ മുന്നണിപ്പോരാളികളായ എക്സൈസ് ജീവനക്കാർക്ക്‌ ചരിത്രപരമായ ദൗത്യമാണുള്ളത്‌.

മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ സ്കൂൾതലംവരെയുള്ള മോണിറ്റർ സമിതികളെ  കാര്യക്ഷമമായി ഉപയോഗിക്കാൻ വകുപ്പിന് കഴിയണം. മയക്കുമരുന്നുവ്യാപനം തടയാനുള്ള വിവരശേഖരണത്തിനും ഈ സമിതിയെ ഉപയോഗിക്കണം. കേരളത്തിൽ എക്‌സൈസ്‌ വകുപ്പ് കാര്യക്ഷമമായി പ്രവർത്തിക്കുന്നതുകൊണ്ടാണ്‌ കേസുകൾ കൂടുന്നത്‌. എന്നാൽ, വകുപ്പിൽ ശോഭ കെടുത്തുന്ന ചിലരുമുണ്ട്. അഴിമതിയുടെ കാര്യത്തിൽ കർശനനടപടി സ്വീകരിക്കും. വകുപ്പിൽ ജോലി ചെയ്യുന്ന വനിതകൾക്കും തുല്യപരിഗണന നൽകും. അവരെ രണ്ടാംതരക്കാരായി പരിഗണിക്കുന്നത്‌ അംഗീകരിക്കില്ല. ലഹരിക്കെതിരെ സർക്കാർ നിരന്തര പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

R