പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി ലഭിക്കുന്ന കാര്യത്തില്‍മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നില്‍: ഡെപ്യൂട്ടി സ്പീക്കര്‍

0
51

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന ഈ വേളയിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് സാമൂഹ്യനീതി ലഭിക്കുന്ന കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ജില്ലാ തല സമ്മേളനവും ബോധവത്ക്കരണ സെമിനാറും പന്തളം ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ കാര്യത്തിൽ സമഗ്രപുരോഗതി കൈവരിച്ചാൽ മാത്രമേ സാമൂഹ്യനീതി ലഭിക്കൂ. കേരളം മുന്നിലാണെങ്കിലും ഇന്ത്യയുടെ മൊത്തത്തിലുള്ള കാര്യം പരിശോധിച്ചാൽ പുരോഗതിയിലേക്ക് നാം എത്തിയിട്ടുണ്ടോയെന്ന കാര്യത്തിൽ സംശയമാണ്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്നും ജാതിയുടെ പേരിൽ ഉച്ചനീചത്വങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങളിൽ നിന്ന് നാടിനെ പൂർണമായും മോചിപ്പിച്ച് പുരോഗതിയിലേക്ക് എത്തിക്കണമെങ്കിൽ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണവും പിന്തുണയും അത്യാവശ്യമാണെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.

ഗോത്രസാരഥി പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാർഥികൾക്ക് സ്‌കൂളിലേക്കുള്ള യാത്രാസൗകര്യം ഉറപ്പാക്കുന്നതിന് പത്ത് വിദ്യാർഥികൾക്കുള്ള സൈക്കിൾ വിതരണവും ഡെപ്യുട്ടിസ്പീക്കർ നിർവഹിച്ചു. സാമ്പത്തിക ഉച്ചനീചത്വം, സാമൂഹിക അസമത്വം, അന്ധവിശ്വാസം, ദുരാചാരം, മതതീവ്രവാദം എന്നിങ്ങനെയുള്ള ദുരാചാരങ്ങളിൽ നിന്ന് സമൂഹത്തെ മോചിപ്പിക്കാതെ സാമൂഹിക പുരോഗതിയുണ്ടാകില്ലെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു. ലഹരി വിരുദ്ധ ആശയങ്ങളും ഇവിടെ അത്രത്തോളം തന്നെ പ്രധാനമാണ്. ജാതിവിവേചനം ഒഴിവാക്കി സാമ്പത്തികവും സാമൂഹികവുമായ തുല്യത ഉറപ്പാക്കണം. ഇന്ത്യയിൽ പട്ടികവർഗ വിഭാഗത്തിന് നേരെയുള്ള ക്രൂരതകൾ പെരുകുന്നുണ്ട്. ഇതിനെ ഉച്ചാടനം ചെയ്യാൻ നിയമങ്ങൾ വേണം. സ്വയംവിമർശനം നടത്തണം. രാജ്യത്തിന്റെ ജിഡിപിയുടെ വളർച്ച അല്ല, സാമൂഹികമായ തിന്മകൾ അവസാനിച്ചോയെന്നു വേണം നാം അന്വേഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ അനാചാരങ്ങൾക്കെതിരെയും പോരാടി സമത്വസുന്ദരമായ ലോകം നാം കെട്ടിപ്പടുക്കണമെന്ന് ഐക്യദാർഢ്യ സന്ദേശം നൽകി സംസാരിച്ച ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. മസൂറിയിലെ ഐഎഎസ് പരിശീലന കാലത്ത് ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ എത്തിയപ്പോൾ ജാതീയമായ വേർതിരിവുകൾ കൊണ്ട് മുറിവേറ്റവരെ കാണാൻ സാധിച്ചിട്ടുണ്ട്. അന്യജാതിക്കാർ താമസിക്കുന്നിടത്തേക്ക് പ്രവേശിക്കാൻ കൊച്ചുകുട്ടികൾ പോലും മടിക്കുന്ന കാഴ്ച കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. മുൻപ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ വാക്കുകളിൽ, എല്ലാവരുടേയും കണ്ണീരൊപ്പുകയെന്നതായിരുന്നു നമ്മുടെ തലമുറയിലെ ഏറ്റവും മഹാനായ മനുഷ്യനായ ഗാന്ധിജി കണ്ട സ്വപ്നം. ആ സ്വപ്നം തന്നെയാണ് നമ്മുടെ സമൂഹത്തിന്റെ വികസനത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനമെന്നും ജില്ലാ കളക്ടർ പറഞ്ഞു. എല്ലാവരുടേയും കണ്ണുനീരിന് ഒരേ രുചിയാണെന്നും കൈത്താങ്ങ് നൽകിയാൽ മാത്രമേ അത്തരം ആളുകൾക്ക് നല്ല ജീവിതം കെട്ടിപ്പടുക്കാൻ സാധിക്കുവെന്നും ജില്ലാകളക്ടർ പറഞ്ഞു. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ ജില്ലാ കളക്ടർ ആദരിച്ചു.

അട്ടത്തോട് കിളിവാതിൽ കോൽക്കളി സംഘം കോൽക്കളി അവതരിപ്പിച്ചു. സർവോദയ മണ്ഡലം പ്രസിഡന്റ് ഭേഷജം പ്രസന്നകുമാർ ലഹരി ആസക്തി നിയന്ത്രണ ജൈവ പരിശീലനം ഗാന്ധിയൻ സമീപനം എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. പട്ടികവർഗ വകുപ്പിന്റെ വിവിധ പദ്ധതികളെ കുറിച്ച് പ്രമോട്ടർമാർക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ആർ. അജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പോൾ രാജൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി.പി. ലീന, പന്തളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അനീഷ് മോൻ, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനില എസ് നായർ, ലാലി ജോൺ, വി.എം. മധു, ജോൺസൺ ഉള്ളന്നൂർ, ശോഭ മധു, ജില്ലാ പട്ടികജാതി ഉപദേശകസമിതി അംഗങ്ങളായ കെ. ദാസൻ, എൻ. രാമകൃഷ്ണൻ, സംസ്ഥാന പട്ടികജാതി ഉപദേശകസമിതി അംഗങ്ങളായ സി. രാധാകൃഷ്ണൻ, കെ. രവികുമാർ തുടങ്ങിയവർ പങ്കെടുത്തു.