വയനാട്ടിൽ നിന്ന് കാണാതായ സി.ഐ എലിസബത്തിനെ തിരുവനന്തപുരത്ത് കണ്ടെത്തി

0
73

തിരുവനന്തപുരം: വയനാട് പനമരത്ത് നിന്ന് കാണാതായ സി.ഐയെ തിരുവനന്തപുരത്ത് കണ്ടെത്തി. പനമരം പൊലീസ് സ്റ്റേഷനിലെ സി.ഐ കെ.എ. എലിസബത്തിനെ (54) ആണ് കണ്ടെത്തിയത്.തിരുവനന്തപുരത്തെ സുഹൃത്തിന്‍റെ വീട്ടിൽ നിന്നാണ് സി.ഐയെ കണ്ടെത്തിയതെന്ന് ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞു.

തിങ്കളാഴ്ച പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ സി.ഐയെ വൈകീട്ട് 6.30 മുതലാണ് കാണാതായത്. സി.ഐയുടെ സ്വകാര്യ ഫോണ്‍ നമ്പറും ഔദ്യോഗിക ഫോണ്‍ നമ്പറും സ്വിച്ച് ഓഫ് ആയിരുന്നു. ഫോൺ സ്വിച്ച് ഓഫ് ആയതോടെ ഇവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. തുടർന്നാണ് കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയത്. മേലുദ്യോഗസ്ഥരിൽ നിന്നു ജോലി സമ്മർദമുണ്ടായതായി സഹപ്രവർത്തകരിൽ ചിലരോട് സി.ഐ പറഞ്ഞിരുന്നതായി സൂചനയുണ്ട്.

കോഴിക്കോട്ടെ എ.ടി.എം കൗണ്ടറിൽ നിന്ന് തിങ്കളാഴ്ച രാത്രി പത്തുമണിയോടെ പണം എടുത്തശേഷം പാലക്കാട് ബസിൽ കയറിയതായി സ്ഥിരീകരിച്ചിരുന്നു. പിന്നീട് എവിടേക്കാണ് പോയതെന്ന് വിവരമില്ലായിരുന്നു. അവസാനമായി ഫോണില്‍ സംസാരിച്ച വ്യക്തിയോട് താന്‍ കല്‍പറ്റയിലാണെന്നാണ് എലിസബത്ത് പറഞ്ഞത്. എന്നാല്‍, പനമരം പൊലീസ് കല്‍പറ്റയിലെത്തി അന്വേഷിച്ചുവെങ്കിലും കണ്ടെത്തിയില്ല. മാനന്തവാടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.