മുസാഫർനഗർ കലാപം: ബിജെപി എംഎൽഎ വിക്രം സെയ്നിക്ക് രണ്ട് വർഷം തടവ്

0
128

മുസാഫർ ന​ഗർ കലാപക്കേസിൽ ബിജെപി എംഎൽഎ വിക്രം സെയ്നിക്കും മറ്റ് 11 പേർക്കും രണ്ട് വർഷം തടവ് ശിക്ഷ. ഉത്തർപ്രദേശിലെ ഖതൗലിയിൽ നിന്നുളള എംഎൽഎയാണ് വിക്രം സെയ്നി. ഐപിസി സെക്ഷൻ 336 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന പ്രവൃത്തി), 353 (പൊതു ഉദ്യോഗസ്ഥനെ തന്റെ കടമ നിർവഹിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ശക്തി), 147 (കലാപം), 148 (മാരകായുധങ്ങളുമായി കലാപം നടത്തൽ), ഐപിസി 149 (നിയമവിരുദ്ധമായ സമ്മേളനം) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരുന്നത്.

പ്രതികൾ 10,000 രൂപ വീതം പിഴയുമടക്കണം. കേസിലെ മറ്റ് 15 പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. പ്രത്യേക കോടതി ജഡ്ജി ​ഗോപാൽ ഉപധ്യായയാണ് കേസിൽ വിധി പറഞ്ഞത്. കേസിൽ 12 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. 2013ലാണ് മുസാഫർന​ഗറിൽ കലാപമുണ്ടായത്. 2013 ആ​ഗസ്റ്റിൽ ഷാനവാസ് എന്ന യുവാവിനെ ആറുപേർ ചേർന്ന് കൊലപ്പെടുത്തിയതാണ് വര്‍ഗ്ഗീയ കലാപത്തിലേക്ക് നയിച്ചത്.