സിയാല്‍ മാതൃകയില്‍ കാര്‍ഷികോത്പന്നവിപണന കമ്പനി തുടങ്ങും: മന്ത്രി പി. പ്രസാദ്

0
123

സംസ്ഥാന സർക്കാരിന്റേയും കർഷകരുടേയും പങ്കാളിത്തത്തോടെ സിയാൽ മാതൃകയിൽ കാപ്‌കോ എന്ന പേരിൽ കാർഷികോത്പന്ന വിപണന കമ്പനി രണ്ടു മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടെ കൃഷി വിളവെടുപ്പ് ഉദ്ഘാടനം, ഞങ്ങളും കൃഷിയിലേക്ക് നാലാംഘട്ടം- ആരോഗ്യ അടുക്കള തോട്ടങ്ങളുടെ ഉദ്ഘാടനം, തട്ട ബ്രാൻഡ് കേരഗ്രാമം വെളിച്ചെണ്ണ, മാവര റൈസ് രണ്ടാം ബാച്ച് ഉദ്ഘാടനം എന്നിവ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർഷകർ ഉത്പാദിപ്പിക്കുന്ന ഉത്പന്നം അവർക്ക് ലാഭകരമാകുന്ന രീതിയിൽ വിപണനം ചെയ്യാനും മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റാനുമാണ് പുതിയ കമ്പനിക്ക് രൂപം നൽകുന്നത്. ഇത് പ്രാവർത്തികമാകുന്നതോടെ കർഷകരുടെ ജീവിതനിലവാരത്തിൽ വലിയ മാറ്റമുണ്ടാകും. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി നടത്തുന്ന തുടർപ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാർഹമാണ്. ഈ പദ്ധതി എത്രത്തോളം വിജയകരമാക്കാൻ സാധിക്കുമെന്ന് സംശയിച്ചവർക്കുള്ള മറുപടിയാണ് ഈ പഞ്ചായത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ. അയൽക്കൂട്ടങ്ങൾ പോലെ കൃഷിക്കൂട്ടങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചപ്പോഴും സംസ്ഥാന സർക്കാരിനേയും കൃഷി വകുപ്പിനേയും ഞെട്ടിച്ചാണ് 25642 കൃഷിക്കൂട്ടങ്ങൾ കേരളത്തിൽ ഉടനീളമുണ്ടായത്. എന്നാൽ, രണ്ടു മണിക്കൂർ കൊണ്ട് 2000 അടുക്കളത്തോട്ടങ്ങൾ നിർമിച്ചുകൊണ്ട് പന്തളം തെക്കേക്കര അവിടെയും ചരിത്രം സൃഷ്ടിച്ചു.

ഈ പദ്ധതി നടപ്പാക്കുന്നതിന് സർക്കാരിന് ഏറ്റവും കൂടുതൽ പിന്തുണ നൽകിയ പഞ്ചായത്താണ് പന്തളം തെക്കേക്കര. ജനപ്രതിനിധികൾ ഉൾപ്പെടെ രംഗത്തിറങ്ങിയാണ് ഈ പദ്ധതിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിച്ചത്. അതുപോലെ തന്നെ പന്തളം തെക്കേക്കരയുടെ വികസന നേട്ടത്തിലിടം പിടിക്കുകയാണ് കേരഗ്രാമം വെളിച്ചെണ്ണയും, മാവര റൈസും. കേരഗ്രാമം വെളിച്ചെണ്ണ കൂടാതെ തേങ്ങപ്പാൽ നേർപ്പിച്ച് വിപണിയിൽ വിതരണം ചെയ്യുന്ന പദ്ധതി പഞ്ചായത്ത് നടപ്പാക്കണമെന്നും അതിനുള്ള സാങ്കേതിക വിദ്യ പഠിപ്പിക്കുന്നതിന് കൃഷി വകുപ്പ് മുൻകൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മായമില്ലാത്ത ഭക്ഷണം ജനങ്ങൾക്ക് ലഭ്യമാക്കുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യത്തിനൊപ്പം ഓരോ പഞ്ചായത്തും ഇത്തരത്തിൽ മുന്നിട്ടിറങ്ങിയാൽ കേരളം ഭക്ഷ്യഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കും. നാടൻ പച്ചക്കറികൾക്ക് വില കൂടുതൽ എന്നു വിലപിക്കുന്നവർ ചിന്തിക്കേണ്ടത് വില കൊടുത്ത് രോഗം വാങ്ങണോ, നല്ല ആരോഗ്യം ഉറപ്പാക്കണോയെന്നാണ്. ഓരോ കൃഷി ഭവനും ഏറ്റവും കുറഞ്ഞത് ഒരു മൂല്യവർധിത ഉത്പന്നം നിർമിക്കണമെന്നും ഇതിന് വേണ്ടി ലോകബാങ്കിന്റെ സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മികച്ച രീതിയിൽ പഞ്ചായത്തിൽ കൃഷി ചെയ്ത കർഷകരെ മന്ത്രി ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കർഷകർക്കും പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്കുമൊപ്പം നിന്ന് എല്ലാ പിന്തുണയും നിർദേശങ്ങളും കൃഷി വകുപ്പ് മന്ത്രി നൽകുന്നുണ്ടെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കേരഗ്രാമം വെളിച്ചെണ്ണ നിർമാണം ആരംഭിക്കാൻ വേണ്ട എല്ലാ നിർദേശങ്ങളും നൽകി മന്ത്രി ഒപ്പമുണ്ടായിരുന്നു. മാത്രമല്ല, കേരഗ്രാമം വെളിച്ചെണ്ണയുടേയും മാവര റൈസിന്റേയും പായ്ക്കറ്റിന് പുറത്ത് സർക്കാരിന്റെ ചിഹ്നം കൂടി ആലേഖനം ചെയ്യണമെന്നും ഡെപ്യുട്ടി സ്പീക്കർ പറഞ്ഞു.