കേസ് പിൻവലിക്കാൻ 30 ലക്ഷം ഓഫർ ചെയ്തു; എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിക്കാരി

0
139

എൽദോസ് കുന്നപ്പിള്ളിയിൽ എം.എൽ.എക്കെതിരായ പരാതി സത്യസന്ധമാണെന്ന് പരാതിക്കാരി. പരാതി പിൻവലിച്ചാൽ 30 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞതായി പരാതിക്കാരിയായ യുവതി. പലരും ഒത്തുതീർപ്പിന് ശ്രമിച്ചെന്നും അവരുടെ പേര് പറയാനാകില്ലെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. പെരുമ്പാവൂരിലെ കോൺഗ്രസ് നേതാവ് ഭീഷണപ്പെടുത്തി. ഹണിട്രാപ്പിൽപെടുത്തുമെന്നും എം.എൽ.എ ഭീഷണിപ്പെടുത്തിയതായി യുവതി പറഞ്ഞു.

 

‘ആദ്യം പരാതി നൽകിയത് വനിതാസെല്ലിലായിരുന്നു. എന്നാൽ എം.എൽ.എക്കെതിരെ ആയതിനാൽ കമ്മീഷണർക്ക് പരാതി നൽകണമെന്ന് വനിത സെല്ലിൽ നിന്ന് പറഞ്ഞു. കമ്മീഷണർക്ക് പരാതി നൽകിയിട്ടും രണ്ടുദിവസം കഴിഞ്ഞശേഷമാണ് വിളിപ്പിച്ചത്. ഞാൻ പരാതി നൽകിയ വിവരം വനിത സെല്ലിൽ നിന്ന് തന്നെ ആരോ എം.എൽ.എയ്ക്ക് ചോർത്തിക്കൊടുത്തു. പൊലീസ് ഇടപെട്ടാണ് പരാതിവൈകിപ്പിച്ചത്-യുവതി പറഞ്ഞു.

 

’14 നാണ് കോവളത്ത് വെച്ച് എം.എൽ.എ ഉപദ്രവിച്ചത്. ഇതുകണ്ട നാട്ടുകാരാണ് പൊലീസിൽ വിളിച്ച് വിവരം അറിയിച്ചത്. പൊലീസ് വന്നപ്പോൾ ഭാര്യയാണെന്ന് പറഞ്ഞ് എൽദോസ് കുന്നപ്പിള്ളിയിൽ എം.എൽ.എ കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. മൂന്ന് മണിക്കൂർ വണ്ടിയിൽ നഗരം ചുറ്റി പിന്നെയും ഉപദ്രവിച്ചു. പിന്നീട് വീട്ടിൽ വന്ന് മദ്യപിച്ച് വഴക്കുണ്ടാക്കിയിരുന്നു. എൽദോസ് ആദ്യം എം.എൽ.എയായിരുന്നപ്പോൾ തുടങ്ങിയ സൗഹൃദമാണ്. ഈ ജൂലൈയിലാണ് സൗഹൃദം കൂടുതൽ ദൃഢമായത്. എന്തുവന്നാലും കൊടുത്ത മൊഴിയിൽ ഉറച്ചുനിൽക്കുമെന്നും അവർ പറഞ്ഞു. എം.എൽ.എക്കെതിരെയുള്ള ഓഡിയോ സന്ദേശവും യുവതി മാധ്യമങ്ങൾക്ക് മുന്നിൽ കേൾപ്പിച്ചു.