ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ ‘പ്രചണ്ഡി’നെ ഇനി വനിതകൾ പറത്തും

0
124

ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ (എല്‍സിഎച്ച്) ‘പ്രചണ്ഡി’നെ സേനയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ, ഈ ഹെലികോപ്റ്ററുകള്‍ പറത്താന്‍ വനിതാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്താന്‍ പദ്ധതിയിട്ട് ഇന്ത്യന്‍ വ്യോമസേന. ഒക്ടോബര്‍ 3 നാണ് ഈ കോംബാറ്റ് ഹെലികോപ്റ്ററുകളെ സേനയുടെ ഭാഗമാക്കിയത്. ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ പറത്താന്‍ വനിതാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തുമെന്ന് ഐഎഎഫ് ഉദ്യോഗസ്ഥര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. അഡ്വാന്‍സ്ഡ് ഹെവി ലിഫ്റ്റര്‍ (എഎല്‍എച്ച്) ഹെലികോപ്റ്ററുകള്‍ പറത്തുന്ന വനിതാ ഉദ്യോഗസ്ഥരെ കണ്ടെത്തി ഇതിലേക്ക് ഉള്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.

പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, സിഡിഎസ് ജനറല്‍ അനില്‍ ചൗഹാന്‍, ഐഎഎഫ് മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരി എന്നിവരുടെ സാന്നിധ്യത്തില്‍ ജോധ്പൂര്‍ വ്യോമതാവളത്തില്‍ വെച്ചാണ് ദ്ദേശീയമായി നിര്‍മ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ (എല്‍സിഎച്ച്) ‘പ്രചണ്ഡ്’ ഇന്ത്യന്‍ വ്യോമസേനയില്‍ ഉള്‍പ്പെടുത്തിയത്. പ്രതിരോധ മന്ത്രി ഹെലികോപ്റ്ററിന് ‘പ്രചണ്ഡ്’ എന്ന് പേരിട്ടു. രാവും പകലും പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഈ ഹെലികോപ്റ്ററിന് ശത്രുക്കളെ കൃത്യമായി ആക്രമിക്കാന്‍ കഴിയുമെന്നതിനാല്‍ ഐഎഎഫിന്റെ പോരാട്ടത്തിന് ഇത് മുതല്‍കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു. സാധ്യമായ എല്ലാ സാഹചര്യങ്ങളിലും ഇതിന് പ്രവര്‍ത്തിക്കാനാകുമെന്നും ആഗോളതലത്തില്‍ തന്നെ റ്റവും മികച്ചതാണിതെന്നും എല്‍സിഎച്ച് പറത്തിയ ശേഷം സിംഗ് പറഞ്ഞു.

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിര്‍മ്മിച്ച, ഇന്ത്യയില്‍ തദ്ദേശീയമായി രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിച്ചെടുക്കുകയും ചെയ്ത സമര്‍പ്പിത യുദ്ധ ഹെലികോപ്റ്ററാണ് എല്‍സിഎച്ച്. ആയുധങ്ങളും ഇന്ധനവുമായി 5,000 മീറ്റര്‍ (16400 അടി) ഉയരത്തില്‍ ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ലോകത്തിലെ ഒരേയൊരു ആക്രമണ ഹെലികോപ്റ്ററാണ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററെന്നും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് പറയുന്നു.

കിഴക്കന്‍ ലഡാക്കിലെ ചിലയിടങ്ങളില്‍ ഇന്ത്യയും ചൈനയും സൈനിക നിലപാടില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്താണ് ഹെലികോപ്റ്റര്‍ അവതരിപ്പിച്ചിരിക്കുന്നത്.ഇന്ത്യന്‍ വ്യോമസേനയുടെയും ഇന്ത്യന്‍ സൈന്യത്തിന്റെയും ആവശ്യകതകള്‍ നിറവേറ്റുന്നതിനുള്ള ശക്തമായ വേദിയാണിത്. ഉയരത്തിലുള്ള ബങ്കര്‍ തകര്‍ക്കല്‍ , കാടുകളിലും നഗര പരിസരങ്ങളിലുമുളള പ്രവര്‍ത്തനങ്ങള്‍ എന്നിവക്കൊക്കെ കരസേനയെ പിന്തുണയ്ക്കുന്നതിനും ഈ ഹെലികോപ്റ്ററിനെ വിന്യസിപ്പിക്കാനാകും.