പശ്ചിമ ബംഗാളൾ അധ്യാപക നിയമന അഴിമതിക്കേസിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎ മണിക് ഭട്ടാചാര്യക്ക് അറസ്റ്റ്

0
74

പശ്ചിമ ബംഗാളൾ അധ്യാപക നിയമന അഴിമതിക്കേസിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തൃണമൂൽ കോൺഗ്രസ് എംഎൽഎ മണിക് ഭട്ടാചാര്യയെ ഇഡി അറസ്റ്റ് ചെയ്തു. സ്‌കൂൾ സർവീസ് കമ്മീഷൻ നിയമന അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്. പാർത്ഥ ചാറ്റർജിക്ക് ശേഷം അഴിമതിയിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ ടിഎംസി എംഎൽഎയാണ് ഭട്ടാചാര്യ.

തിങ്കളാഴ്ച ഉച്ചയോടെയാണ് ഇഡി സംഘം മണിക് ഭട്ടാചാര്യയെ ചോദ്യം ചെയ്യാൻ തുടങ്ങിയത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനിടെ അന്വേഷണത്തിൽ സഹകരിക്കാത്തതിനെ തുടർന്നാണ് അറസ്റ്റ്. ഭട്ടാചാര്യ ബംഗാൾ വിദ്യാഭ്യാസ ബോർഡിന്റെ മുൻ പ്രസിഡന്റും ആയിരുന്നു. മാണിക്കിനെ പ്രത്യേക കോടതിയിൽ ഹാജരാക്കും. പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷനും, പശ്ചിമ ബംഗാൾ ബോർഡ് ഓഫ് എലിമെന്ററി എജ്യുക്കേഷനും നടത്തിയ നിയമനത്തിൽ അഴിമതി നടന്നു എന്ന ആരോപണമാണ് ഇഡി അന്വേഷിക്കുന്നത്.

ഏറെക്കാലം ഇഡിയുടെ റഡാറിലുണ്ടായിരുന്ന മണിക് ഭട്ടാചാര്യയെ ഈ വർഷം ജൂണിൽ കൽക്കട്ട ഹൈക്കോടതി സംസ്ഥാന പ്രൈമറി എജ്യുക്കേഷൻ ബോർഡ് ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. ഇഡിക്ക് പുറമെ സിബിഐയും മണിക് ഭട്ടാചാര്യക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ കേസിൽ സെപ്തംബർ 27ന് എംഎൽഎയെ ചോദ്യം ചെയ്യാൻ സിബിഐ വിളിപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹം അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരായില്ല.

സിബിഐ സമൻസ് അയച്ചതിന് പിന്നാലെ എംഎൽഎ സുപ്രീം കോടതിയെ സമീപിച്ചു. കേസിൽ അദ്ദേഹത്തിന് നൽകിയിരുന്ന ഇടക്കാല സംരക്ഷണം അടുത്ത ഉത്തരവുകൾ വരെ സുപ്രീം കോടതി നീട്ടിയതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്. നേരത്തെ ഈ കേസിൽ അന്നത്തെ പശ്ചിമ ബംഗാൾ വ്യവസായ മന്ത്രിയും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പാർത്ഥ ചാറ്റർജി, അദ്ദേഹത്തിന്റെ അടുത്ത സഹായി അർപ്പിത മുഖർജി എന്നിവരെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു.