ഇലന്തൂരിലെ ഇരട്ടനരബലിയിൽ പല കാര്യങ്ങളിലും വ്യക്തത വരാനുണ്ടെന്നും പല തെളിവുകളും കണ്ടെത്താനുണ്ടെന്നും ഡിഐജി

0
41

ഇലന്തൂരിലെ ഇരട്ടനരബലിയിൽ പല കാര്യങ്ങളിലും വ്യക്തത വരാനുണ്ടെന്നും പല തെളിവുകളും കണ്ടെത്താനുണ്ടെന്നും ഡിഐജി ആര്‍.നിശാന്തിനി ഐപിഎസ്. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ നാളെ കൊച്ചിയിൽ കോടതിയിൽ ഹാജരാകും. ഇപ്പോൾ പത്തനംതിട്ടയിലുള്ള പ്രതികളെയെല്ലാം ഇന്ന് രാത്രി തന്നെ കൊച്ചിയിലേക്ക് കൊണ്ടു പോകുമെന്നും ഇലന്തൂരിലെ ഭഗവൽ സിംഗിൻ്റെ വീട്ടുപറമ്പിൽ നിന്നും വീണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും ഡിഐജി അറിയിച്ചു.

ഡിഐജിയുടെ വാക്കുകൾ –

നരബലി കേസിലെ മുഖ്യസൂത്രധാരനായ ഷാഫി എന്ന റഷീദിൽ നിന്നും വിശദമായി വിവരങ്ങൾ ശേഖരിക്കാൻ സാധിച്ചിട്ടില്ല. ഇയാൾ പൊലീസിൻ്റെ ചോദ്യം ചെയ്യല്ലിനോട് സഹകരിക്കാത്ത നിലയുണ്ട്. രണ്ട് സ്ത്രീകളേയും കൊലപ്പെടുത്തിയത് മൂന്ന് പേരും ചേര്‍ന്നാണ്. നാല് കുഴികളിലായിട്ടാണ് രണ്ട് മൃതദേഹങ്ങളും കഷ്ണങ്ങളാക്കി കുഴിച്ചിട്ടത്. തെളിവെടുപ്പ് നാളെയും തുടരും. പ്രതികളെയെല്ലാം ഇന്ന് രാത്രി കൊച്ചിയിലേക്ക് കൊണ്ടു പോകും. നാളെ കോടതിയിൽ ഹാജരാക്കി കസ്റ്റഡി ആവശ്യപ്പെടും.

വീട്ടിനുള്ളിൽ പൊലീസ് നടത്തിയ പരിശോധനയിൽ കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇനിയും ചില ആയുധങ്ങൾ കണ്ടെത്താനുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കാനായി നാളെ ഫോറൻസിക് പരിശോധന നടത്തും. വീടിനുള്ളിൽ ഇനിയും വിശദമായി പരിശോധനകളുണ്ടാകും.

നരബലി നടത്തിയാൽ സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാകും എന്ന് ഷാഫി ദമ്പതികളെ പറഞ്ഞു വിശ്വസിപ്പിച്ചു. അങ്ങനെയാണ് ഈ ദമ്പതികൾ നരബലിക്ക് തയ്യാറായത്. സാമ്പത്തിക ബാധ്യത തീര്‍ക്കാൻ വേണ്ടിയാണ് നരബലി നടത്തിയതെന്ന് ദമ്പതികൾ മൊഴി നൽകിയിട്ടുണ്ട്. ഇവര്‍ക്ക് നിരവധി വായ്പകളെടുത്തിരുന്നു. ഈ കടബാധ്യത തീര്‍ക്കാനാവാതെ വിഷമിച്ച ഘട്ടത്തിലാണ് ഷാഫിയെ കണ്ടുമുട്ടിയത്. ദമ്പതികളുടെ കടബാധ്യതകളെ കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കും. ദമ്പതികളിൽ നിന്നും ഷാഫി പണം കൈപ്പറ്റിയിട്ടുണ്ട്. ഈ പണം ഇയാൾ എങ്ങനെ ചെലവാക്കി എന്ന കാര്യവും പരിശോധിക്കും.