മതപരിവര്‍ത്തന പരിപാടിയില്‍ പങ്കെടുത്തു: രാജിവെച്ച മുന്‍ ഡല്‍ഹി മന്ത്രി രാജേന്ദ്ര പാല്‍ ഗൗതമിനെ ഇന്ന് ചോദ്യം ചെയ്യും

0
90

മതപരിവര്‍ത്തന പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ രാജിവെക്കേണ്ടി വന്ന മുന്‍ ഡല്‍ഹി മന്ത്രി രാജേന്ദ്ര പാല്‍ ഗൗതമിനെ ഡല്‍ഹി പോലീസ് ഇന്ന് ചോദ്യം ചെയ്യും. അതേസമയം പോലീസ് ഇതിനോടകം തന്റെ വീട് സന്ദര്‍ശിച്ചിരുന്നുവെന്നും സംഭവത്തെക്കുറിച്ച് ചില ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ടെന്നും ഗൗതം പറഞ്ഞു.

ഹിന്ദു ദൈവങ്ങളെക്കുറിച്ചുള്ള വിവാദ പ്രസ്താവന പുറത്തു വന്നതിനു പിന്നാലെയായിരുന്നു ഗൗതമിന്റെ രാജി. രാജേന്ദ്ര ഗൗതത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മതപരിവര്‍ത്തന ചടങ്ങില്‍ പങ്കെടുത്ത് ഹിന്ദു ദൈവങ്ങളോട് അനാദരവ് കാണിച്ച രാജേന്ദ്ര പാലിനെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു.

‘ഇന്ന് വാല്‍മീകി മഹര്‍ഷിയുടെ പ്രകടോത്സവ ദിനമാണ്. മറുവശത്ത് കാന്‍ഷി റാം സാഹിബിന്റെ ചരമവാര്‍ഷിക ദിനവും. ചില ബന്ധനങ്ങളില്‍ നിന്നും ഞാന്‍ ഇന്ന് മോചിതനാകുന്നു. പുതിയൊരു മനുഷ്യനായി മാറ്റപ്പെട്ടിരിക്കുന്നു. സമൂഹത്തിനെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യും.’- രാജിക്കത്ത് ട്വീറ്റ് ചെയ്തുകൊണ്ട് രാജേന്ദ്ര പാല്‍ ഗൗതം പറഞ്ഞു.

ഡല്‍ഹി മന്ത്രിസഭയില്‍ നിന്ന് മന്ത്രി പുറത്തായതോടെ, അരവിന്ദ് കെജ്രിവാളിന്റെ രാജിക്കായും ബിജെപി രംഗത്തെത്തിയിരുന്നു. അരവിന്ദ് കെജ്രിവാളാണ് മുഴുവന്‍ സംഭവത്തിന്റെയും പിന്നിലെ ‘മാസ്റ്റര്‍ മൈന്‍ഡ്’ എന്നും ബിജെപി പറഞ്ഞു.