പാൽ ഗുണനിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തും: മന്ത്രി ജെ. ചിഞ്ചുറാണി

0
51

അന്താരാഷ്ട്ര വിപണി സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയുന്ന രീതിയിൽ പാൽ ഗുണനിലവാരം ഉറപ്പു വരുത്തുമെന്ന് ക്ഷീരവികസന, വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. പാൽ ഗുണനിലവാര ത്രൈമാസ തീവ്രയജ്ഞ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ പശുക്കളുടെ പ്രതിദിന ശരാശരി പാൽ ഉല്പാദനക്ഷമതയായ 10.2 കിലോഗ്രാം ദേശീയ ശരാശരിയേക്കാൾ മുകളിലാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ദേശീയ ശരാശരി 7.5 കിലോഗ്രാമാണ്. ക്ഷീരവികസന വകുപ്പിന്റെ നിരന്തരവും കാര്യക്ഷമവുമായഇടപെടലുകളുടെ ഫലമായി കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന പാലിലുളള കൊഴുപ്പ്, കൊഴിപ്പിതര ഖര പദാർത്ഥങ്ങൾ എന്നിവയുടെ തോത് മെച്ചപ്പെടുത്തുന്നതിനു സാധിച്ചിട്ടുണ്ട്. ദ്വിമുഖ വില സമ്പ്രദായം നിലനിൽക്കുന്നതിനാൽ പാലിന്റെ രാസഗുണം വർദ്ധിപ്പിക്കുന്നതിൽ നമ്മുടെ കർഷകരും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

പാൽ ഉത്പാദനം ക്രമാനുഗതമായി വർദ്ധിക്കുന്നുണ്ടെങ്കിലും അണുഗുണ നിലവാരം കുറവാണ്. പാലുൽപാദനത്തിൽ സ്വയംപര്യാപ്തത എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് നാം വളരെ വേഗം അടുത്തുകൊണ്ടിരിക്കുകയാണ്. സുനിശ്ചിതമായ വിപണി നൽകുന്നതിനാൽ കൂടുതൽപേർ ക്ഷീരമേഖല ഉപജീവന മാർഗമായി തെരഞ്ഞെടുക്കുകയാണ്. നിലവിലുള്ള ഉത്പാദന വർദ്ധനവ് ഈ രീതിയിൽ തുടർന്നാൽ ഉടൻ കേരളം പാലുൽപാദനത്തിൽ മിച്ച സംസ്ഥാനമായി മാറും. ഈ സാഹചര്യത്തിൽ നാം പാലിന് പുതിയ വിപണികൾ കണ്ടെത്തേണ്ടതായി വരും. സംസ്ഥാനത്തിനു പുറത്തോ അല്ലെങ്കിൽ മറ്റ് രാജ്യങ്ങളിലേക്കോ പാൽ കയറ്റുമതി ചെയ്യേണ്ട സാഹചര്യം ഉണ്ടാകും. ഇത്തരം സന്ദർഭങ്ങളിൽ പാലിന്റെ

ഗുണനിലവാരം ഒരു പ്രധാന ഘടകമായിരിക്കും. ഇത് മുന്നിൽ കണ്ടുള്ള പ്രവർത്തനം വേണം.

ക്ഷീരവികസന വകുപ്പ് പാൽ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ധാരാളം പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. ക്ഷീരകർഷകർക്ക് ശുചിത്വ കിറ്റുകൾ വാങ്ങുന്നതിനും, തൊഴുത്ത് മുതൽ പാൽ സംഭരിക്കുന്ന ഉപകരണങ്ങൾ വരെ ശുചിയായി കൈകാര്യം ചെയ്യുന്നതിള്ള സഹായങ്ങൾ വകുപ്പ് നിലവിൽ നൽകിവരുന്നുണ്ട്. വകുപ്പിനു കീഴിൽ എല്ലാ ജില്ലകളിലും ഗുണനിയന്ത്രണ യൂണിറ്റുകളോടനുബന്ധിച്ച് പാൽ പരിശോധനാ ലാബുകളുടെ സേവനം ലഭ്യമാണ്. ഇവിടങ്ങളിൽ പൊതുജനങ്ങൾക്ക് സൗജന്യമായി പാൽ പരിശോധിക്കുന്നതിനുളള സൗകര്യം ലഭ്യമാണ്. കോട്ടയം, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ പാലും, കാലിത്തീറ്റയും, വെള്ളവും പരിശോധിക്കുന്ന പ്രാദേശിക ഡയറി ലാബുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനു പുറമെ സങ്കീർണ്ണമായ പരിശോധനകൾ നടത്തുന്നതിന് സൌകര്യമുളള സ്റ്റേറ്റ് ഡയറി ലാബും ക്ഷീരവികസന വകുപ്പിനു കീഴിൽ തിരുവനന്തപുരത്തു പ്രവർത്തിക്കുന്നുണ്ട്.

സമ്പൂർണ്ണ ആഹാരമായ പാൽ ആരോഗ്യദായമാകണമെങ്കിൽ നിശ്ചിത ഭൗതിക,രാസ,അണുഗുണ നിലവാരം ഉണ്ടെന്ന് ഉറപ്പാക്കണം. അതിനായി പാൽ ഉല്പാദകർ മുതൽ ഉപഭോക്താക്കൾ വരെ എല്ലാവരും ഒരു പോലെ ജാഗ്രത പുലർത്തണം. ക്ഷീരവികസന വകുപ്പ് നടപ്പിലാക്കുന്ന 90 ദിവസം നീണ്ടു നിൽക്കുന്ന തീവ്രയജ്ഞത്തിൽ എല്ലാവരും പങ്കു ചേരണം. ശുദ്ധമായ പാൽ സമ്പൂർണ്ണ ആരോഗ്യത്തിന് എന്നതാകണം നമ്മുടെ മുദ്രാവാക്യമെന്നും മന്ത്രി പറഞ്ഞു.

വഴുതക്കാട് വനശ്രീ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മിൽമ ചെയർമാൻ കെ. എസ്. മണി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ രാഖി രവികുമാർ, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ സി. സുജയ്കുമാർ, മിൽമ എറണാകുളം മേഖല ചെയർമാൻ എം.റ്റി. ജയൻ, മിൽമ തിരുവനന്തപുരം മേഖല അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി കൺവീനർ എൻ. ഭാസുരാംഗൻ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ. രാംഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.