നിയമസഭക്കുള്ളിൽ നടക്കുന്ന ഗൗരവമേറിയ ചർച്ചകൾക്ക് വേണ്ടത്ര പ്രാധാന്യം നൽകി തിരുത്തൽ ശക്തിയായി മാധ്യമങ്ങൾ നിലകൊള്ളണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. മാധ്യമപ്രവർത്തകർക്കായി കെ-ലാംപ്‌സ് സംഘടിപ്പിച്ച നിയമസഭാ റിപ്പോർട്ടിംഗിനെക്കുറിച്ച ശിൽപ്പശാല നിയമസഭാ ബാങ്ക്വറ്റ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം.
സമയമെടുത്ത് പഠിച്ച് സഭയിലെത്തി ഗൗരവപൂർണമായ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്ന സാമാജികനെ മാധ്യമങ്ങൾ അവഗണിക്കുന്ന പ്രവണതയുണ്ടെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. ‘പകരം മാധ്യമങ്ങളിൽ ഇടം നേടുന്നത് സാമാജികന്റെ തമാശ നിറഞ്ഞ പ്രസംഗമോ പരാമർശമോ ആണ്. ഇങ്ങിനെ വരുമ്പോൾ കാര്യങ്ങൾ കൃത്യമായി പഠിച്ച് വന്ന് അവതരിപ്പിക്കുന്ന എം.എൽ.എ അവഗണിക്കപ്പെടുകയാണ്. ഇത് മാറേണ്ടതുണ്ട്. പൊതുജനത്തെ ബാധിക്കുന്ന ഗൗരവപൂർണമായ വിഷയത്തിൽ നടക്കുന്ന ചർച്ച ആ രീതിയിൽ തന്നെ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾ സ്ഥലവും സമയവും നീക്കിവെക്കേണ്ടതുണ്ട്. ഇങ്ങിനെ വരുമ്പോൾ വിഷയം പഠിച്ച് വരാൻ എം.എൽ.എമാർ ഉത്സാഹിക്കുകയും അത് സഭാ ചർച്ചകളുടെ നിലവാരം ഉയർത്തുകയും ചെയ്യും. ഈ വിധത്തിൽ തിരുത്തൽ ശക്തിയായി മാധ്യമങ്ങൾ നിലകൊള്ളണം,’ സ്പീക്കർ ചൂണ്ടിക്കാട്ടി.
ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ആരോഗ്യകരമായ വിമർശനങ്ങൾ സ്വാഗതാർഹമാണ്. പക്ഷെ, മാധ്യമപ്രവർത്തകൻ എന്ന പ്രിവിലജ് ഉപയോഗിച്ച് പരിണതപ്രജ്ഞരായ രാഷ്ട്രീയ നേതാക്കളോടടക്കം എന്തും ചോദിക്കുന്ന പ്രവണത ചുരുക്കം മാധ്യമപ്രവർത്തകരെങ്കിലും പിന്തുടരുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ ആത്മപരിശോധന നടത്തേണ്ടതുണ്ട്.
നിയമസഭാ ചട്ടങ്ങളും നടപടിക്രമങ്ങളും വ്യക്തമാക്കി സഭാ നടപടികൾ റിപ്പോർട്ട് ചെയ്യുന്നത് നിയമനിർമ്മാണ സഭയെ ശക്തിപ്പെടുത്താൻ ഉപകരിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അഭിപ്രായപ്പെട്ടു. സഭാ നടപടികളിൽ ഗൗരവമായി ഇടപെട്ട് സംസാരിക്കുന്ന അംഗങ്ങളെ മാധ്യമങ്ങൾ തമസ്‌ക്കരിക്കുന്നു എന്ന പരാതി തനിക്കുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. കിരൺബാബു, നിയമസഭാ സെക്രട്ടറി എ. എം ബഷീർ എന്നിവർ സംസാരിച്ചു.
വിവിധ സെഷനുകളിൽ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരൻ നായർ, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു, കെ-ലാംപ്‌സ് ഡയറക്ടർ ജി.പി ഉണ്ണിക്കൃഷ്ണൻ, ഏഷ്യനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റർ എസ്. ബിജു തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള മാധ്യമപ്രവർത്തകർ ശിൽപ്പശാലയിൽ പങ്കെടുത്തു.