ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് ഇന്ന് എൺപതാം പിറന്നാൾ

0
125

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് ഇന്ന് എൺപതാം പിറന്നാൾ. ഇന്ത്യൻ ചലച്ചിത്രമേഖലയിൽ ഏറ്റവും സ്വാധീനമുള്ള അഭിനേതാവ് . എഴുപതുകളിൽ തുടങ്ങിയ ചലച്ചിത്രയാത്ര ഇന്നും തുടരുകയാണ്.

ബോളിവുഡ് അന്നുവരെ കേട്ടതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ശബ്ദത്തിനുടമ. താരസങ്കൽപ്പങ്ങളെ മാറ്റിമറിച്ചായിരുന്നു ആ വരവ്. പിന്നീടുണ്ടായത് ചരിത്രം.

1973ൽ പുറത്തിറങ്ങിയ സഞ്ജീർ എന്ന ചിത്രത്തിലെ വേഷം അമിതാബ് ബച്ചനെ സൂപ്പർ സ്റ്റാറാക്കി. 1975-ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ ‘ഷോലെ’യാണ് അമിതാഭിൻറെ ജനപ്രീതി നേടിയ ചിത്രങ്ങളിൽ ഒന്നാമത്. ഇന്ത്യയുടെ ക്ഷുഭിതനായ യുവാവ്, ബോളിവുഡിലെ ഷഹൻഷാ ,സാദി കാ മഹാനായക് വിശേഷണങ്ങൾ ഏറെയുണ്ട് ഈ മഹാനടന്.

കഭി കഭി ,അമർ അക്ബർ ആൻറണി ,തൃശൂൽ,സുഹാഗ് ,മൃത്യുദാദ,നിശബ്ദ്, അഭിനയജീവിതത്തിലെ നാഴിക്കല്ലുകളായ എത്രയോ ചിത്രങ്ങൾ. പികു എന്ന ചിത്രത്തിലെ പിടിവാശിക്കാരനായ പിതാവും ഗുലാബോ സിതാബോയിലെ മിർസാ ഖാലിദും ബച്ചൻറെ അഭിനയയാത്രയിൽ നാഴികക്കല്ലുകളാണ്.

കാണ്ഠഹാർ എന്ന മലയാള ചിത്രത്തിലും അമിതാഭ് ബച്ചൻ വേഷമിട്ടു. മലയാള പരസ്യചിത്രത്തിൽ സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തതും കൗതുകമായി.

കോൻ ബനേഗ കരോഡ് പതി എന്ന ടെലിവിഷൻ റിയാലിറ്റി ഷോയുടെ വ്യത്യസ്ത സീസണുകളിൽ ബച്ചൻ തുടർച്ചയായ അവതാരകനാണ്.

ജീവിതത്തിലെ ഉയർച്ച താഴ്ചകളും തിരിച്ചടിയായപ്പോഴും അവയെല്ലാം മറികടന്ന് ഊർജസ്വലനായി മടങ്ങി വരുന്ന അമിതാഭിനെ പ്രേക്ഷകർ കണ്ടു.

1984 ൽ ബച്ചൻ അഭിനയത്തിൽ നിന്ന് താൽക്കാലികമായി വിരമിക്കുകയും രാജീവ്ഗാന്ധിയുടെ കുടുംബവുമായുള്ള അടുത്ത സൗഹൃദം ബച്ചനെ സജീവ രാഷ്ട്രീയത്തിൽ എത്തിക്കുകയും 1984-ൽ ഇദ്ദേഹം അലഹാബാദിൽ നിന്ന് ലോകസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

പദ്മശ്രീയും പദ്മഭൂഷനും ,പദ്മവിഭൂഷനും ,ദാദാ സാഹേബ് ഫാൽക്കേ പുരസ്‌കാരവും നൽകി രാജ്യം ആദരിച്ച അതുല്യനടൻ..എണ്ണമറ്റ ദേശീയ അവാർഡുകളും ഫിലിം ഫെയർ അവാർഡുകളും.

എൺപതാം വയസ്സിലും തളരാത്ത ഊർജപ്രവാഹം .അമിതാഭ് ബച്ചൻ എന്ന അഭിനയപ്രതിഭ തന്റെ യാത്ര തുടരുകയാണ്….രാജ്യം കണ്ട എക്കാലത്തെയും മികച്ച നടന് ട്വന്റിഫോറിന്റെ ജൻമദിനാശംസകൾ…