വടക്കഞ്ചേരി അപകടം; ടൂറിസ്റ്റ് ബസ് ഉടമയെയും ഡ്രൈവറെയും കസ്റ്റഡിയിൽ വാങ്ങും

0
135

വടക്കഞ്ചേരി ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലുള്ള ടൂറിസ്റ്റ് ബസ് ഉടമയെയും ഡ്രൈവറെയും കസ്റ്റഡിയിൽ വാങ്ങും. ഇതിനായി അടുത്ത ദിവസം കോടതിയിൽ അപേക്ഷ നല്‍കും. ബസുടമ അരുൺ (30), ഡ്രൈവർ ജോമോൻ (46) എന്നിവരാണ് റിമാന്‍ഡിലുള്ളത്. മനഃപൂർവമായ നരഹത്യയാണ് ഡ്രൈവർക്കെതിരെ ചുമത്തിയത്. അരുണിനെതിരെ പ്രേരണക്കുറ്റമാണ്. ജോമോൻ ഡാൻസ് ചെയ്‌ത്‌ വാഹനമോടിക്കുന്ന ദൃശ്യം നവമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഇതുൾപ്പെടെ അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്ന് പൊലീസ് അറിയിച്ചു. മൂന്ന് മാസത്തിനിടെ 19 തവണ അരുണിന്റെ മൊബൈലിലേക്ക് അമിതവേ​ഗത്തിന്റെ മുന്നറിയിപ്പ് വന്നിരുന്നു. അപകടവുമായി ബന്ധപ്പെട്ട്‌ ഇതുവരെയുള്ള റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥൻ ആലത്തൂർ ഡിവൈഎസ്‍പി ആർ അശോകൻ ഹൈക്കോടതിയിൽ സമർപ്പിച്ചു. അന്വേഷണ പുരോഗതിയും വിവരങ്ങളൂം കോടതിയെ ബോധിപ്പിച്ചു. ബുധൻ രാത്രി 11.30നാണ് അപകടം നടന്നത്.

രക്തപരിശോധനാഫലം വൈകുന്നു

ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ രക്തസാമ്പിളിന്റെ പരിശോധനാഫലം വന്നിട്ടില്ല. അപകടസമയത്ത് മദ്യമോ, മറ്റ് ലഹരി പദാർഥങ്ങളോ ഉപയോഗിച്ചിരുന്നോ എന്നറിയാനാണ് പരിശോധന. അപകടം നടന്നതിന്റെ പിറ്റേന്ന്‌ ജോമോൻ അറസ്റ്റിലായപ്പോഴാണ് രക്തം ശേഖരിച്ചത്.