മലയാളികളെ വിദേശ തൊഴിലവസരങ്ങൾക്ക് കൂടുതൽ യോഗ്യരാക്കാൻ പദ്ധതി: മുഖ്യമന്ത്രി

0
110

റിക്രൂട്ടിങ്‌ ഏജൻസികളുടെ തട്ടിപ്പ്‌ തടയാനുള്ള വ്യവസ്ഥകൾ സംസ്ഥാന സർക്കാർ ഉറപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദേശത്ത്‌ എന്ത്‌ ജോലി,  സേവനവേതനവ്യവസ്ഥകൾ, അവ പാലിക്കപ്പെടുന്നോ എന്നീ വിവരങ്ങളെങ്കിലും ഉറപ്പാക്കും. ലോക കേരളസഭയുടെ യൂറോപ്പ്– യുകെ മേഖലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവാസികളുടെ ഡാറ്റ ബാങ്ക്‌ തയ്യാറാക്കാൻ നോർക്ക നടപടിയാരംഭിച്ചു. വിദേശപഠനത്തിന്‌ പോകുന്നവരുടെ വിവരങ്ങൾ രജിസ്‌റ്റർ ചെയ്യുന്നെന്ന്‌ ഉറപ്പാക്കും. ഉക്രയ്‌ൻ പ്രശ്‌നമുണ്ടായപ്പോൾ കൃത്യമായ വിവരമുണ്ടായിരുന്നില്ല. ലണ്ടനിൽനിന്നുള്ള ‌ഫ്ലൈറ്റ്‌ നാല്‌ ദിവസമാക്കാനുള്ള ശ്രമത്തിൽ പുരോഗതിയുണ്ട്‌. വയോജന പരിപാലനത്തിന്‌ വിദേശത്തേക്ക്‌ വരുന്നവർക്കും പരിശീലനം നൽകും. കേരളത്തിൽ കൂടുതൽ മികവാർന്ന വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കും. സംസ്ഥാനത്ത്‌ റോഡ്‌ സുരക്ഷ ശക്തമാക്കും–- മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷനായി. മന്ത്രിമാരായ വി ശിവൻകുട്ടി, വീണാ ജോർജ്‌, ചീഫ്‌ സെക്രട്ടറി വി പി ജോയ്‌, എം എ യൂസഫലി, ഡോ. ആസാദ്‌ മൂപ്പൻ, രവി പിള്ള,  നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല തുടങ്ങിയവർ സംസാരിച്ചു. ചർച്ചകൾക്ക് സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രൻ, നോർക്ക റൂട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്,  സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. കെ രവിരാമൻ എന്നിവർ നേതൃത്വം നൽകി.

വിദേശത്തെ തൊഴിലിന്‌ മലയാളികളെ 
പ്രാപ്‌തരാക്കും : മുഖ്യമന്ത്രി
വിദേശത്തെ തൊഴിൽമേഖലയ്‌ക്ക്‌ അനുയോജ്യമായവിധം കഴിവും പ്രാപ്‌തിയുമുള്ളവരെ സജ്ജരാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക കേരളസഭ യൂറോപ്പ്‌ ആൻഡ്‌ യുകെ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഠനയോഗ്യതയുമായി മാത്രം വിദേശത്ത്‌ എത്തുന്നവർ തുടക്കക്കാരാകുന്നു. ഇത്‌ കണക്കിലെടുത്ത്‌ നൈപുണ്യശേഷി വർധിപ്പിക്കുന്ന കേന്ദ്രവും ഭാഷാപരിജ്ഞാനം നൽകലും ആരംഭിച്ചു.

കേരളത്തിനു പുറത്ത്‌ ജീവിക്കേണ്ടിവരുന്നവരുടെ പ്രശ്‌നം സംസ്ഥാനത്തിന്റെ പൊതുപ്രശ്‌നമാണ്. വിദേശ തൊഴിൽ മാത്രം ആശ്രയിക്കുകയല്ല ലക്ഷ്യം. നാട്ടിലെ തൊഴിലവസരവും വർധിപ്പിക്കും. 25 വർഷത്തിനകം കേരളത്തിലെ ജീവിതനിലവാരം വികസിത മധ്യ വരുമാന രാഷ്ട്രങ്ങളുടേതിന്  തുല്യമാക്കും. ഇതിന്‌ വിദ്യാഭ്യാസമേഖലയെ ശാക്തീകരിക്കും. മറ്റു പ്രദേശങ്ങളിലുള്ള കുട്ടികൾ നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിലെത്തി പഠിക്കുന്ന സാഹചര്യമുണ്ടാക്കും.

സ്‌റ്റാർട്ടപ്‌ രംഗത്ത്‌ ഇന്ത്യയിൽത്തന്നെ മികവ്‌ കേരളത്തിനാണ്‌. ഐടി മേഖലയിൽ പശ്ചാത്തലസൗകര്യ വികസനത്തിലും വലിയ മാറ്റംവന്നു.  പ്രവാസി സഹോദരങ്ങൾ നാടിന്റെ വികസനത്തിൽ വലിയ തൽപ്പരരാണ്‌.  സർക്കാരുകൾക്ക്‌ അവരെക്കുറിച്ച്‌ നല്ല മതിപ്പാണുള്ളത്‌. ഇത്‌ ഇനിയും ഉയർത്തണം. ഇത്‌  തൊഴിൽസാധ്യതയ്‌ക്ക്‌ അവസരമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമ്മേളനം സർക്കാർ ചെലവിൽ അല്ല
ലോക കേരളസഭ തീരുമാനപ്രകാരമുള്ള മേഖലാ സമ്മേളനങ്ങൾ സംസ്ഥാന സർക്കാരിന്റെ ചെലവിൽ അല്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതത്‌ രാജ്യത്തെ പ്രവാസികളുടെയും സഭ അംഗങ്ങളുടെയും ചെലവിലാണ്‌ സമ്മേളനങ്ങൾ. മുൻകൈയെടുക്കുന്നത്‌ ഓരോ പ്രദേശത്തെയും മലയാളി സഹോദരങ്ങളാണ്‌. അടുത്തസമ്മേളനം സൗദിയിലും അമേരിക്കയിലുമാണ്‌. നാടിന്റെ വളർച്ചയ്‌ക്കുതകുന്ന സംഭാവനകൾ ഈ കൂടിച്ചേരലുകളുടെ ഭാഗമായി ലഭിക്കുന്നു. ലോക കേരളസഭയ്‌ക്ക്‌ സമാന സംവിധാനം ലോകത്തിൽ മറ്റെവിടെയെങ്കിലും ഉണ്ടോയെന്ന്‌ സംശയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുടിയേറ്റ നിയമം അനിവാര്യം
വിവിധ രാജ്യങ്ങളിൽ പ്രവാസികളായെത്തുന്നവർ വഞ്ചിതരാകാതിരിക്കാൻ ഫലപ്രദമായ കുടിയേറ്റ നിയമം അനിവാര്യമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്‌. നിയമത്തിലൂടെയേ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക്‌ ശാശ്വത പരിഹാരമാകൂ. പ്രവാസികൾ കൂടുതലുള്ളിടത്ത്‌ എംബസികളിലെ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടേണ്ടിവരും. നോർക്ക, ഒഡെപക്‌ സംവിധാനങ്ങൾ വഴി വിദേശത്തേക്ക്‌ സുരക്ഷിതമായി വരാനുള്ള നടപടികൾ സംസ്ഥാനം സ്വീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.