വിമാനയാത്രയ്ക്കിടെ കോക്പിറ്റില്‍ വിവസ്ത്രനായി അശ്ലീല വിഡിയോ കണ്ട സംഭവത്തില്‍ പൈലറ്റിനു പിന്നാലെ വിമാന കമ്ബനിക്കുമെതിരെ നിയമനടപടിയുമായി വനിതാ പൈലറ്റ്.
യു.എസ് വിമാന കമ്ബനിയായ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിനെതിരെയാണ് കമ്ബനിയില്‍ മുന്‍പ് പൈലറ്റായിരുന്ന ക്രിസ്റ്റൈന്‍ ജാനിങ് കോടതിയെ സമീപിച്ചിരിക്കുന്നത്. പരാതി ബോധ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാന്‍ കമ്ബനി കൂട്ടാക്കിയിരുന്നില്ല.
2020 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൗത്ത് വെസ്റ്റിന്റെ ഫിലാഡല്‍ഫിയയില്‍നിന്ന് ഫ്‌ളോറിഡയിലേക്കുള്ള വിമാനത്തിലായിരുന്നു ആകാശത്ത് വച്ച് ഞെട്ടിപ്പിക്കുന്ന സംഭവം. യാത്രയ്ക്കിടെ സഹപൈലറ്റായ മൈക്കല്‍ ഹാക്ക് പെട്ടെന്ന് കോക്പിറ്റ് വാതില്‍ പൂട്ടിയിട്ടു. തന്റെ അവസാന യാത്രയാണിതെന്നും റിട്ടയര്‍മെന്റിനുമുന്‍പ് തനിക്ക് ചിലത് ചെയ്യാനുണ്ടെന്നും പറഞ്ഞായിരുന്നു ഇത്.
തുടര്‍ന്നാണ് ജാനിങ് നോക്കിനില്‍ക്കെ ഇയാള്‍ വസ്ത്രം പൂര്‍ണമായി അഴിച്ചിട്ടത്. ശേഷം ലാപ്‌ടോപ് എടുത്ത് പോര്‍ണ്‍ വിഡിയോ കാണാന്‍ തുടങ്ങി. പൂര്‍ണനഗ്നനായുള്ള സ്വന്തം ഫോട്ടോയും വിഡിയോയും പകര്‍ത്തുകയും ചെയ്തു. എന്നാല്‍, ജാനിങ്ങിനോട് നേരിട്ട് മോശമായി പെരുമാറുകയോ സംസാരിക്കുകയോ ചെയ്തില്ല.
യാത്ര പൂര്‍ത്തിയാക്കിയതിനു പിന്നാലെ ജാനിങ് കമ്ബനിയില്‍ പരാതി നല്‍കി. എന്നാല്‍, പൈലറ്റിനെതിരെ നടപടി സ്വീകരിക്കാന്‍ കമ്ബനി കൂട്ടാക്കിയില്ലെന്നു മാത്രമല്ല, യുവതിക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതോടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിലും പരാതി നല്‍കുകയായിരുന്നു. പിന്നീട് 2021 മേയില്‍ ഹാക്ക് കോടതിയില്‍ കുറ്റസമ്മതം നടത്തി. പിന്നീട് കോടതി ഒരു വര്‍ഷം സദാചാര ശിക്ഷണവും 5,000 ഡോളര്‍ പിഴയും ചുമത്തി.
ജാനിങ് വിമാന കമ്ബനിയില്‍ പരാതി നല്‍കിയപ്പോള്‍ ഹാക്ക് കമ്ബനി വിട്ടിട്ടുണ്ടെന്നായിരുന്നു മറുപടി. എന്നാല്‍, ആ സമയത്ത് ഇയാള്‍ വിരമിച്ചിരുന്നില്ലെന്ന് പിന്നീട് വ്യക്തമായി. പരാതിക്കു പിന്നാലെ ജാനിങ്ങിന് മൂന്നുമാസം യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും നിര്‍ബന്ധ പരിശീലനം നല്‍കുകയും ചെയ്യുകയാണ് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍ ചെയ്തത്. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് പൈലറ്റ്‌സ് അസോസിയേഷനിലും പരാതി നല്‍കിയെങ്കിലും സംഘം കുറ്റക്കാരനൊപ്പം നില്‍ക്കുകയാണ് ചെയ്തതെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.