തൃശ്ശൂരിലെ തീരദേശത്തെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കൂരിക്കുഴി സ്വദേശി രഞ്ജിത്താണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 28ന് കമ്പനിക്കടവ് ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് ഇരുപതിനായിരത്തോളം രൂപ പ്രതി കവർന്നിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രഞ്ജിത്തിനെ പൊലീസ് പിടികൂടിയത്. മോഷ്ടിച്ച് കിട്ടുന്ന പണം ഇയാള്‍ ആഢംബര ജീവിതത്തിനായി ഉപയോഗിക്കുകയായിരുന്നു പതിവ്. പണം തീരുമ്പോള്‍ വീണ്ടും മോഷ്ടിക്കാനിറങ്ങും. മോഷണം നടത്താൻ ഉദ്ദേശിക്കുന്ന മേഖലയിൽ പകൽ ആക്രി പെറുക്കാൻ നടന്ന് രാത്രി സമയങ്ങളിലാണ് പ്രതി മോഷണത്തിന് ഇറങ്ങുന്നതെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് ഗോവിന്ദപുരം പാര്‍ത്ഥ സാരഥി ക്ഷേത്രത്തിലും വന്‍ മോഷണം നടന്നിരുന്നു. ക്ഷേത്രത്തിലെ ഏഴ് ഭണ്ഡാരങ്ങളാണ് മോഷ്ടാവ് കുത്തിത്തുറന്നു. ശ്രീകോവില്‍ പൂട്ട് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ചുറ്റമ്പലത്തിന് അകത്തെ അഞ്ചും പുറത്തെ രണ്ടും ഭണ്ഡാരങ്ങളാണ് മോഷ്ടാവ് കുത്തി തുറന്നത്. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം പുലര്‍ച്ചെ 3. 45 നാണ് മോഷ്ടാവ് ക്ഷേത്രത്തിന്‍റെ വാതില്‍ പൊളിക്കുന്നത്. വടക്ക് ഭാഗത്തുള്ള വാതില്‍ പൊളിച്ച് അകത്ത് കടന്നാണ് മോഷണം. മേല്‍ശാന്തി ശ്രീകാന്ത് നമ്പൂതിരി പുലര്‍ച്ചെ 4.45 ന് നടതുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ആറ് ഭണ്ഡാരങ്ങളില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടുണ്ട്.
ഹെല്‍മെറ്റ് ധരിച്ച വ്യക്തിയാണ് മോഷണം നടത്തിയതെന്ന് സിസിടിവിയില്‍ വ്യക്തമാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇയാളെ കുറിച്ച് സൂചന കിട്ടിയതായി മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു. മോഷ്ടാവ് മോട്ടോര്‍ സൈക്കിളിലാണ് എത്തിയതെന്നും ഇതേക്കുറിച്ചും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.