വിഴിഞ്ഞം സമരത്തെ തടര്‍ന്നുള്ള തുറമുഖ നിര്‍മാണ പ്രതിസന്ധിയില്‍ അദാനി ഗ്രൂപ്പുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും

0
59

വിഴിഞ്ഞം സമരത്തെ തടര്‍ന്നുള്ള തുറമുഖ നിര്‍മാണ പ്രതിസന്ധിയില്‍ അദാനി ഗ്രൂപ്പുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഈ മാസം 13-ന് തുറമുഖ മന്ത്രിയുടെ ഓഫിസിലാണ് ചര്‍ച്ച. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാംരഭിക്കുന്നതുള്‍പ്പെടെ സമരം കാരണമുണ്ടായ 78.5 കോടി രൂപയുടെ നഷ്ടം വഹിക്കണമെന്ന അദാനി ഗ്രൂപ്പിന്റെ ആവശ്യം ചര്‍ച്ചചെയ്യും. വിഴിഞ്ഞം സമരം മൂലമുണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കണമെന്ന് തുറമുഖ നിര്‍മാണ കമ്പനി ആവശ്യപ്പെട്ടിരുന്നു.

വെള്ളിയാഴ്ച സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് സമരം കാരണം 78.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി അദാനി പോര്‍ട്സ് സര്‍ക്കാരിനെ അറിയിച്ചത്. സെപ്റ്റംബര്‍ 30 വരെ നഷ്ടം 78.70 കോടിയും പലിശ ഇനത്തില്‍ നഷ്ടം 19 കോടിയുമാണെന്നും കത്തില്‍ പറയുന്നു. വാടകയ്ക്ക് എടുത്ത യന്ത്രങ്ങള്‍ ഉപയോഗിക്കാത്തതിനാല്‍ നഷ്ടം 57 കോടി രൂപയാണെന്നാണ് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയത്. സാമ്പത്തിക നഷ്ടം സര്‍ക്കാര്‍ വഹിക്കണമെന്നാണ് അദാനി പോര്‍ട്സ് പറയുന്നത്.

സമരം മൂലമുണ്ടായ ഈ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കണമെന്നാണ് തുറമുഖ നിര്‍മാണക്കമ്പനിയായ വിസിലിന്റെ ആവശ്യം. ഈ പശ്ചാത്തലത്തിലാണ് അദാനി പോര്‍ട്ട്സുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ മുന്നോട്ട് വന്നത്. അദാനി ഗ്രൂപ്പ് സിഇഒ 13-ന് നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും.