ബലാത്സംഗത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടിയെ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊന്നു

0
115

ഉത്തർപ്രദേശിൽ ബലാത്സംഗത്തിനിരയായ ഗർഭിണിയെ തീ കൊളുത്തി കൊന്നു. മെയിൻപുരി ജില്ലയിലാണ് സംഭവം. മൂന്ന് മാസം മുൻപാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായത്. പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.

മൂന്ന് മാസം മുമ്പ് അഭിഷേക് എന്നയാൾ തന്റെ മകളെ ബലാത്സംഗം ചെയ്തതായി പെൺകുട്ടിയുടെ അമ്മ ആരോപിച്ചു. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുകയും പഞ്ചായത്തിനെ അറിയിക്കുകയും ചെയ്തത്.

പെൺകുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 307, 376 വകുപ്പുകളും പോക്‌സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകളും പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.