ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് നോർത്ത് കൊറിയ; അടിയന്തര മുന്നറിയിപ്പുമായി ജപ്പാൻ പ്രധാനമന്ത്രി

0
99

ഉത്തരകൊറിയ സംശയാസ്പദമായ സാഹചര്യത്തിൽ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതിനെ തുടർന്ന് ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ അടിയന്തര മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ. ശനിയാഴ്‌ചയാണ്‌ ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം നടന്നത്. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ജപ്പാൻ പ്രധാനമന്ത്രി രംഗത്ത് വന്നത്.

സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും പരമാവധി പരിശ്രമിക്കുക, കൂടാതെ പൊതുജനങ്ങൾക്ക് വേഗത്തിൽ മതിയായ വിവരങ്ങൾ നൽകുകയും ചെയ്യുക. വിമാനം, കപ്പലുകൾ, മറ്റ് ആസ്‌തികൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കുക. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ കരുതിയിരിക്കുകയും മുൻകരുതലിനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യണമെന്നും ജാപ്പനീസ് പ്രധാനമന്ത്രി പുറത്തുവിട്ട ജാഗ്രതാ നിർദേശത്തിൽ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, ശനിയാഴ്ച കിഴക്കൻ കടലിലേക്ക് ഉത്തര കൊറിയ സംശയാസ്പദമായ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായി ദക്ഷിണകൊറിയയുടെ യോൻഹാപ്പ് വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്തരകൊറിയ തങ്ങളുടെ എക്കാലത്തെയും ദൈർഘ്യമേറിയ ആയുധത്തിന്റെ പരീക്ഷണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം.

ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ ജപ്പാന് മുകളിലൂടെ പറന്ന് യുഎസ് പസഫിക് പ്രദേശമായ ഗുവാമിലെത്തിക്കാനുള്ള സാങ്കേതിക വിദ്യയുടെ പരീക്ഷണമാണ് ഉത്തരകൊറിയ അടുത്തിടെ നടത്തിയത്. അഞ്ച് വർഷത്തിനിടെ ജപ്പാന് മുകളിലൂടെ പറക്കുന്ന ആദ്യ മിസൈലാണ് ഉത്തരകൊറിയയിൽ നിന്ന് വിക്ഷേപിച്ചത്. ഈ വർഷം മാത്രം ഉത്തരകൊറിയ നടത്തിയ 24ആം മിസൈൽ പരീക്ഷണമാണ് ഇന്നലത്തേതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.