നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ

0
159

നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ പിറന്നു. വിഘ്നേഷ് ശിവൻ തന്നെയാണ് മാതാപിതാക്കളായ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. “നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം”, എന്നാണ് സന്തോഷ വിവരം പങ്കുവച്ച് വിഘ്നേഷ് കുറിച്ചിരിക്കുന്നത്. നയന്‍താരയും വിഘ്നേഷും കുഞ്ഞുങ്ങളുടെ കാലുകളില്‍ ഉമ്മ വയ്ക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് താരദമ്പതികള്‍ക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.

ജൂണ്‍ 9ന് മഹാബലിപുരത്തു വച്ചായിരുന്നു നയൻതാര-വിഘ്നേഷ് ശിവൻ വിവാഹം നടന്നത്. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖരാൽ സമ്പന്നമായിരുന്നു വിവാഹം. താര വിവാഹത്തിന്‍റെ ഒടിടി സംപ്രേക്ഷണാവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന വാർത്തകൾ മുന്‍പ് തന്നെ വന്നിരുന്നു. 25 കോടി രൂപയ്ക്കാണ് സംപ്രേക്ഷണാവകാശം നൽകിയതെന്നായിരുന്നു വിവരം. ഈ വീഡിയോ ഉടൻ സ്ട്രീമിം​ഗ് ആരംഭിക്കും.

ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേഷും വിവാഹിതരായത്. നാനും റൗഡിതാൻ എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. പിന്നീട് ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായി. ഒടുവില്‍ 2021 സെപ്റ്റംബറില്‍ തങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നയന്‍താര ഒരു അഭിമുഖത്തിലൂടെ അറിയിക്കുക ആയിരുന്നു.

അതേസമയം, ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയ ​ഗോഡ് ഫാദർ എന്ന ചിത്രമാണ് നയൻതാരയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ചിരഞ്ജീവി നായകനായി എത്തിയ ചിത്രം ആദ്യ രണ്ട് ദിവസം കൊണ്ട് 69 കോടി കളക്ഷൻ സ്വന്തമാക്കിയിരുന്നു. പൃഥ്വിരാജ് നായകനായി എത്തുന്ന ഗോള്‍ഡ് എന്ന ചിത്രമാണ് നയന്‍താരയുടേതായി റിലീസിനൊരുങ്ങുന്ന മലയാള സിനിമ. അൽഫോൺസ് പുത്രൻ ആണ് സംവിധാനം. സുമം​ഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായാണ് നയൻതാര ചിത്രത്തിൽ എത്തുന്നത്. പാട്ട് എന്നൊരു ചിത്രവും അൽഫോൺസ് പുത്രന്റേതായി അണിയറിൽ ഒരുങ്ങുന്നുണ്ട്. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നായൻതാരയാണ് നായികയായി എത്തുന്നത്.