1400 കോടിയുടെ ഹെറോയിൻ കടത്ത്‌ ; പിന്നിൽ ഹാജി സലിം; 
അന്വേഷണം ദുബായിലേക്കും

0
167

കൊച്ചി തീരത്ത്‌  1400 കോടി രൂപയുടെ ഹെറോയിനുമായി പിടിയിലായ ആറുപേരും ഇറാൻകാർ. ഇവർക്ക്‌ പിന്നിൽ കുപ്രസിദ്ധ ആയുധ–-ലഹരി കടത്തുകാരൻ ഹാജി സലിമും സംഘവുമെന്ന്‌ നാർകോട്ടിക്‌സ്‌ കൺട്രോൾ ബ്യൂറോ (എൻസിബി). ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) നോട്ടപ്പുള്ളിയാണ്‌ പാകിസ്ഥാൻകാരനായ ഹാജി സലിം.  ഇന്ത്യൻ തീരസേനയുടെ കണ്ണുവെട്ടിക്കാൻ അഫ്‌ഗാനിസ്ഥാനിൽനിന്ന്‌ പാകിസ്ഥാനിൽ എത്തിച്ച ഹെറോയിൻ പുറംകടലിൽ വച്ചാണ്‌ ഇറാൻ ബോട്ടിലേക്ക്‌ മാറ്റിയത്‌.  ഇവ ശ്രീലങ്കൻ ബോട്ടിലേക്ക്‌ കൈമാറാൻ വരുമ്പോഴാണ്‌ ഇറാൻ സ്വദേശികൾ പിടിയിലായത്‌. ഇവരെ ചോദ്യം ചെയ്യുകയാണ്‌.

‘ഹാജി സലിം ഡ്രഗ് നെറ്റ്‌വർക്’ സംഘടനയിലൂടെയാണ്‌ ഇയാൾ ആയുധ–-ലഹരി കടത്തുകൾക്ക്‌ നേതൃത്വം നൽകുന്നത്‌. പിടിച്ചെടുത്ത ലഹരിമരുന്ന്,

ഭീകരസംഘടനകൾക്കുവേണ്ടിയാണോ കടത്തിയതെന്ന്‌ എൻസിബി അന്വേഷിക്കുന്നുണ്ട്‌. ലഹരിമരുന്നുപാക്കറ്റുകളിൽ കണ്ട തേൾ, വ്യാളി മുദ്രകളുടെ അർഥം കണ്ടെത്താനും ശ്രമം തുടങ്ങി. എൻഐഎയും അന്വേഷണം നടത്തും. 2021 മാർച്ച്‌ 18ന്‌ ഇന്ത്യൻ തീരത്ത്‌ എകെ 47 തോക്കുകളും ആയിരത്തോളം വെടിയുണ്ടകളുമായി ശ്രീലങ്കൻ ബോട്ട്‌ പിടികൂടിയ സംഭവത്തിനുപിന്നിൽ ഹാജി സലിമായിരുന്നു. ഇയാൾക്കായി ഇന്റർപോൾ സഹായത്തോടെ റെഡ്‌ കോർണർ നോട്ടീസ്‌ ഇറക്കിയിട്ടുണ്ട്‌.