വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടം: കാരണം വിവരിക്കുന്ന മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റിന്റെ സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

0
125

വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്റെ കാരണം വിവരിക്കുന്ന മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റിന്റെ സമഗ്ര റിപ്പോര്‍ട്ട് ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു. അപകടത്തിന്റെ സാഹചര്യങ്ങളും ബസിന്റെ നിയമ ലംഘനവും വിശകലനം ചെയ്തുള്ള വിശദ റിപ്പോര്‍ട്ടാണ് എന്‍ഫോഴ്സ്‌മെന്റ് ആര്‍ടിഒ എം കെ ജയേഷ് കുമാര്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറിയത്. അപകടം ഡിജിറ്റല്‍ പുനരാവിഷ്‌ക്കരണവും റിപ്പോര്‍ട്ടിനു ഒപ്പം ചേര്‍ത്തിട്ടുണ്ട്. 18 പേജുള്ള റിപ്പോര്‍ട്ടില്‍ അപകട കാരണം, സാഹചര്യം, ബസിലെ നിയമ ലംഘനം എന്നിവയെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയെ കുറിച്ചുള്ള ചില കണ്ടെത്തലുകളും റിപ്പോര്‍ട്ടില്‍ ഉള്ളതായാണ് സൂചന.

അപകടകാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗതയും അശ്രദ്ധയുമാണെന്ന് പാലക്കാട് ആര്‍ ടി ഒയും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അപകടസ്ഥലത്ത് കെഎസ്ആര്‍ടിസി ബസ് നിര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. കെ.എസ് ആര്‍ടിസി ബസ് ഡ്രൈവറുടെ ഭാഗത്ത് പിഴവില്ലെന്നും കെ എസ്ആര്‍ടിസി ബസ് വേഗത കുറച്ചപ്പോള്‍ വെട്ടിച്ച് മാറ്റാനുള്ള ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ശ്രമമാണ് അപകടത്തിലേക്കെത്തിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ട്രാഫിക് ചട്ടങ്ങളുടെയും മോട്ടോര്‍ വാഹനനിയമങ്ങളുടെയും ലംഘനം ടൂറിസ്റ്റ് ബസിന്റെ ഭാഗത്ത് നിന്ന് സ്ഥിരീകരിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കെഎസ്ആര്‍ടിസി ബസ് സഡന്‍ ബ്രേക്കിട്ടതു മൂലമാണ് അപകടം ഉണ്ടായതെന്നാണ് ടൂറിസ്റ്റ് ബസിന്റെ ഡ്രൈവറായ ജോമോന്‍ പൊലീസിനോട് പറഞ്ഞത്. ഈ വാദം തള്ളുന്നതായിരുന്നു ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ പ്രാഥമിക റിപ്പോര്‍ട്ട്. അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോനെയും ബസിന്റെ ഉടമ അരുണിനേയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.