ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിക്കുശേഷം ഒരിക്കല്‍ക്കൂടി ആണവയുദ്ധഭീഷണി സജീവമായെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. യുക്രെയ്ന് യുദ്ധത്തില്‍ തിരിച്ചടികള്‍ നേരിടുന്ന റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് അണ്വായുധത്തെക്കുറിച്ചു സംസാരിക്കുന്നതിനെ തമാശയായി കാണാനാവില്ല.
പുടിന്റെ പട്ടാളം യുക്രെയ്നില്‍ പരിതാപകരമായ പ്രകടനമാണു നടത്തുന്നത്. പുടിന് ഏതുവിധം ഈ യുദ്ധം അവസാനിപ്പിക്കുമെന്നാണ് കണ്ടറിയേണ്ടതെന്ന് ന്യൂയോര്‍ക്കില്‍ നടന്ന പരിപാടിക്കിടെ ബൈഡന് കൂട്ടിച്ചേര്‍ത്തു.
പുടിന്റെ ഭീഷണികളെ ഗൗരവമായി കാണണമെന്നാണു യുഎസും യൂറോപ്യന്‍ യൂണിയനും കുറച്ചുനാളായി പറയുന്നത്. യുക്രെയ്ന് പട്ടാളത്തിന്റെ മുന്നേറ്റത്തില്‍ അധിനിവേശപ്രദേശങ്ങളില്നിന്നു റഷ്യന്‍ സേന തുടര്‍ച്ചയായി പിന്മാറിക്കൊണ്ടിരിക്കുകയാണ്.
റഷ്യയോടു കൂട്ടിച്ചേര്‍ത്ത നാലു പ്രദേശങ്ങളും നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്നു. റഷ്യന്‍ പ്രദേശങ്ങളെ സംരക്ഷിക്കാന്‍ ഏതുമാര്‍ഗവും സ്വീകരിക്കുമെന്നും അണ്വായുധം പ്രയോഗിക്കുന്ന കീഴ്വഴക്കം തുടങ്ങിവച്ചത് അമേരിക്കയാണെന്നും പുടിന് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
1962 ഒക്ടോബറില്‍ അമേരിക്കയും സോവ്യറ്റ് യൂണിയനും ആണവയുദ്ധത്തിന്റെ വക്കിലെത്തിയ സംഭവമാണ് ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി. ഇറ്റലിയിലും തുര്‍ക്കിയിലും ആണവമിസൈലുകള്‍ വിന്യസിച്ച അമേരിക്കയ്ക്കു മറുപടിയായി സോവ്യറ്റ് യൂണിയന് അമേരിക്കയോടു ചേര്‍ന്നുകിടക്കുന്ന ക്യൂബയില്‍ ആണവമിസൈലുകള്‍ സ്ഥാപിച്ചു. അന്നത്തെ യുഎസ് പ്രസിഡന്റ് കെന്നഡി നാവിക ഉപരോധം തീര്‍ക്കുകയും സമ്മര്‍ദതന്ത്രം ചെലുത്തുകയും ചെയ്തതോടെ സോവ്യറ്റ് യൂണിയന് മിസൈലുകള്‍ തിരിച്ചു കൊണ്ടുപോയി.
റഷ്യക്കാര്‍ അലാസ്കയില്‍
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ അഭയം തേടാനായി ചെറുബോട്ടില്‍ കടല്‍ താണ്ടി രണ്ടു റഷ്യക്കാര്‍. അലാസ്കയുടെ ഭാഗമായ സെന്റ് ലോറന്‍സ് ദ്വീപിലെ ഗാംബെല്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ചയാണ് ഇവരെത്തിയത്.
ദ്വീപില്‍നിന്നു റഷ്യയിലെ ചുക്ചി പ്രദേശം വരെ 56 കിലോമീറ്റര്‍ ദൂരമേയുള്ളൂ. പക്ഷേ ഇവര്‍ വന്നത് വടക്കുകിഴക്കന്‍ റഷ്യയിലെ എഗ്വിക്നോട്ട് എന്ന പ്രദേശത്തുനിന്ന് 480 കിലോമീറ്റര്‍ ദൂരം ബോട്ടില്‍ സഞ്ചരിച്ചാണ്. തുടര്‍ന്ന് സെന്റ് ലോറന്‍സ് ദ്വീപില്‍നിന്നു വിമാനമാര്‍ഗം അലാസ്ക വന്‍കരയിലേക്കു പോയി.
യുക്രെയ്നില്‍ നിര്‍ബന്ധിത സൈനികസേവനത്തിനു പോകേണ്ടിവരുമെന്ന ഭീതിയില്‍ റഷ്യക്കാര്‍ രാജ്യംവിടാന്‍ ശ്രമം തുടരുന്ന വാര്‍ത്തകള്‍ക്കിടെയാണ് ഈ സംഭവം.
അഭയം നല്‍കണമെന്ന റഷ്യക്കാരുടെ അപേക്ഷ പരിഗണിച്ചുവരികയാണെന്ന് അമേരിക്കന്‍ വൃത്തങ്ങള്‍ അറിയിച്ചു. റഷ്യക്കാരുടെ വരവ് അദ്ഭുതപ്പെടുത്തിയെന്ന് അലാസ്ക ഗവര്‍ണര്‍ മൈക്ക് ഡണ്‍ലെവി പറഞ്ഞു.