സ്വകാര്യ ബസിൽ നിന്ന് റോഡിലേക്ക് തെറിച്ച വീണ് വിദ്യാർത്ഥി

0
106

സ്വകാര്യ ബസിൽ യാത്ര ചെയ്ത വിദ്യാർത്ഥി തുറന്നുകിടന്ന വാതിലിലൂടെ തെറിച്ച് റോഡിൽ വീണു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മുഖമടിച്ചു വീണ വിദ്യാർത്ഥിയുടെ പല്ലുകളിലൊന്ന് ഒടിഞ്ഞു. 2 പല്ലുകൾ ഇളകി. ചുണ്ടിനും കൈയ്ക്കും പരിക്കേറ്റു. പാക്കിൽ പുതുപ്പറമ്പിൽ ഷിനോയുടെ മകൻ അഭിരാമിനാണ് (13) പരിക്കേറ്റത്. ഇന്നലെ 3.45ന് പാക്കിൽ പവർ ഹൗസ് ജംഗ്ഷനിലാണ് അപകടം. പള്ളം സിഎംഎസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

അഭിരാമിന്റെ ചുണ്ടിന് തുന്നലുണ്ട്. പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്കു വിട്ടു. ബസ് അമിത വേഗത്തിലായിരുന്നുവെന്നും വാതിൽ അടച്ചിരുന്നില്ലെന്നും അഭിരാം പറഞ്ഞുവെന്ന് അമ്മ ബീന പറയുന്നു. പരാതി നൽകുമെന്നും അവർ പറഞ്ഞു.

അതേസമയം, കുട്ടി ബസിൽ നിന്ന് എടുത്തുചാടിയതാണെന്ന് ബസ് ജീവനക്കാർ ആരോപിക്കുന്നു. സംഭവത്തില്‍ നടപടി ഉണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച ഡ്രൈവറോട് ഹാജരാകാൻ ആര്‍ ടി‌ ഒ നിർദേശിച്ചിട്ടുണ്ട്.