ആപ്പ് അധിഷ്‌ഠിത ക്യാബ് കമ്പനികൾക്ക് വിലക്കേർപ്പെടുത്തി കർണാടക സർക്കാർ

0
88

ആപ്പ് അധിഷ്‌ഠിത ക്യാബ് കമ്പനികളോട് മൂന്ന് ദിവസത്തിനകം സംസ്ഥാനത്തെ ഓട്ടോ സർവീസുകൾ നിർത്താൻ നിർദേശവുമായി കർണാടക സർക്കാർ. ഓല, ഊബർ, റാപ്പിഡോ തുടങ്ങിയ ആപ്പ് അധിഷ്‌ഠിത കമ്പനികളോട് അവരുടെ ആപ്പുകളിലെ ഓട്ടോ സർവീസ് സെക്ഷനുകൾ ഒഴിവാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

സർക്കാർ ഇവ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു കഴിഞ്ഞു. വിഷയം ചൂണ്ടിക്കാട്ടി ആപ്പുകൾക്ക് ഗതാഗത വകുപ്പ് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. രണ്ട് കിലോമീറ്ററിൽ താഴെയുള്ള യാത്രയ്‌ക്ക് ആപ്പ് അധിഷ്‌ഠിത കമ്പനികൾ കുറഞ്ഞത് 100 രൂപ ഈടാക്കുന്നുവെന്ന് യാത്രക്കാർ സംസ്‌ഥാന സർക്കാരിന് പരാതി നൽകിയതിനെ തുടർന്നാണ് നടപടി.

സർക്കാർ മാനദണ്ഡമനുസരിച്ച്, കർണാടകയിൽ ഓട്ടോ ഡ്രൈവർമാർ ആദ്യത്തെ 2 കിലോമീറ്ററിന് 30 രൂപയും അതിനുശേഷം ഓരോ കിലോമീറ്ററിന് 15 രൂപ വെച്ചുമാണ് ഈടാക്കേണ്ടത്. എന്നാൽ ഈ നിയമങ്ങൾ കാറ്റിൽ പറത്തി അമിത ചാർജ് ഈടാക്കിയതാണ് മൂന്ന് കമ്പനികൾക്കും തിരിച്ചടിയായത്.