ആംനസ്റ്റി ഇന്റർനാഷണൽ ട്രസ്റ്റിന്റെ 1.54 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി താൽക്കാലികമായി കണ്ടുകെട്ടി

0
134

മനുഷ്യാവകാശ സംഘടനയായ ഇന്ത്യൻസ് ഫോർ ആംനസ്റ്റി ഇന്റർനാഷണൽ ട്രസ്റ്റിന്റെ 1.54 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) താൽക്കാലികമായി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡിയുടെ നടപടി. ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേ രൂപത്തിലുള്ള ആസ്തികളാണ് കണ്ടുകെട്ടിയത്. 2010ലെ ഫോറിൻ കോൺട്രിബ്യൂഷൻസ് റെഗുലേറ്ററി ആക്ട് (എഫ്‌സിആർഎ) ലംഘിച്ചുവെന്ന് ആരോപിച്ച് ആംനസ്റ്റിക്കെതിരായ സിബിഐ എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി കേസ്.

”ആംനസ്റ്റി ഇന്റർനാഷണൽ, ഇന്ത്യയിൽ അതിന്റെ പ്രവർത്തനങ്ങൾ തുടരുന്നതിനായി, 1999-ൽ ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ ഫൗണ്ടേഷൻ ട്രസ്റ്റ് (എഐഐഎഫ്ടി) സ്ഥാപിച്ചു. 2011-12-ൽ, ഫോറിൻ കോൺട്രിബ്യൂഷൻ (റെഗുലേഷൻ) നിയമം (എഫ്സിആർഎ) പ്രാബല്യത്തിൽ വന്നപ്പോൾ, വിദേശ ഫണ്ടുകൾ സ്വീകരിക്കുന്നതിന് എൻജിഒയ്ക്ക് സർക്കാർ മുൻകൂർ അനുമതി നൽകിയിരുന്നു. വിലക്ക് മറികടക്കാൻ യഥാക്രമം 2013-14ലും 2012-13ലും എ.ഐ‌.ഐ‌.പി.‌എൽ, ഐ‌.എ‌.ഐ‌.ടി എന്നീ രണ്ട് പുതിയ സ്ഥാപനങ്ങൾ രൂപവത്കരിച്ചു. ഈ സ്ഥാപനങ്ങൾക്ക് സേവന കയറ്റുമതിയുടെയും എഫ്‌.ഡി.‌ഐയുടെയും മറവിൽ വിദേശ ധനസഹായം ലഭിച്ചു,” ഇ.ഡി പ്രസ്താവനയിൽ പറഞ്ഞു.

ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എഐഐപിഎൽ), ഇന്ത്യൻസ് ഫോർ ആംനസ്റ്റി ഇന്റർനാഷണൽ ട്രസ്റ്റ് (ഐഎഐടി), മുൻ എഐഐപിഎൽ സിഇഒമാരായ ജി അനന്തപത്മനാഭൻ, ആകാർ പട്ടേൽ എന്നിവർക്കെതിരെയാണ് കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച് ഇ.ഡി കേസ് ഫയൽ ചെയ്തത്.