ഐഎഎഫ് ഓഫീസര്‍മാര്‍ക്കായി പുതിയ ആയുധ സംവിധാന ശാഖ സൃഷ്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി

0
88

ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ (ഐഎഎഫ്) 90-ാം വാര്‍ഷികത്തോടനുബന്ധിച്ച്, ഐഎഎഫ് ഓഫീസര്‍മാര്‍ക്കായി പുതിയ ആയുധ സംവിധാന ശാഖ സൃഷ്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇതാദ്യമായാണ് ഒരു പുതിയ ശാഖ രൂപീകരിക്കുന്നത്.

ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്കുളള മിസൈലുകള്‍, ഉപരിതലത്തില്‍ നിന്ന് അന്തരീക്ഷത്തിലേക്കുള്ള മിസൈലുകള്‍, റിമോട്ട് പൈലറ്റഡ് എയര്‍ക്രാഫ്റ്റ്, വെപ്പണ്‍ സിസ്റ്റം ഓപ്പറേറ്റര്‍മാര്‍ എന്നിങ്ങനെ നാല് പ്രത്യേക സ്ട്രീമുകള്‍ക്കായാണ് ഇത് പ്രധാനമായും കൈകാര്യം ചെയ്യുന്നതെന്ന് ചണ്ഡീഗഡില്‍ നടന്ന ചടങ്ങില്‍ എയര്‍ ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരി പറഞ്ഞു.

ഈ ബ്രാഞ്ച് രൂപീകരിക്കുന്നതിലൂടെ ഫ്ളയിംഗ് പരിശീലനത്തിനുള്ള ചെലവ് കുറയുന്നതിനാല്‍ 3,400 കോടി രൂപ ലാഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐഎഎഫ്: ട്രാന്‍സ്ഫോര്‍മിംഗ് ഫോര്‍ ദ ഫ്യൂച്ചര്‍’ എന്നതാണ് ഈ വര്‍ഷത്തെ വാര്‍ഷിക ആഘോഷങ്ങളുടെ തീം. പുതിയ കാലത്തെ യുദ്ധത്തിന്റെ വെല്ലുവിളികള്‍ മനസ്സില്‍ വെച്ചു കൊണ്ട് രൂപാന്തരപ്പെടേണ്ടതിന്റെ ആവശ്യകതയുമായി ബന്ധപ്പെടുത്തിയതാണ് ഈ തീം.

‘ഇന്ന് ഞാന്‍ നിങ്ങളോട് എല്ലാവരോടും ഉയര്‍ത്തുന്ന വെല്ലുവിളി, നിരന്തരമായി മാറിക്കൊണ്ടിരിക്കുന്ന അന്തരീക്ഷവുമായി പൊരുത്തപ്പെടുന്ന, നമ്മുടെ പ്രക്രിയയെ പിന്തുണയ്ക്കാന്‍ കഴിയുന്ന, മുന്നോട്ട് ചിന്തിക്കുന്ന, വ്യോമസേനാ യോദ്ധാക്കളായി മാറുക എന്നതാണ്. നിങ്ങളുടെ സര്‍ഗ്ഗാത്മകതയും നൂതനമായ ചിന്തയും, നേതൃ പാടവവും ഉപയോഗിച്ച് പ്രശ്‌ന പരിഹാരത്തിന്റെ ഭാഗമാകാന്‍ ഞാന്‍ എല്ലാ വ്യോമസേനാ യോദ്ധാക്കളോടും ആഹ്വാനം ചെയ്യുന്നു’. ഐഎഎഫ് മേധാവി പറഞ്ഞു.

സായുധ സേനയ്ക്ക് കീഴിലുള്ള പുതിയ അഗ്‌നിപഥ് സ്‌കീമിന് കീഴിലുള്ള റിക്രൂട്ട്മെന്റിനെ കുറിച്ചും ഇന്ത്യന്‍ എയര്‍ഫോഴ്സ് മേധാവി സംസാരിച്ചു ‘എയര്‍ഫോഴ്സില്‍ കരിയര്‍ ആരംഭിക്കുന്നതിനുള്ള ശരിയായ കഴിവുകളും അറിവും ഓരോ അഗ്‌നിവീരിനും ഉണ്ടെന്ന് ഉറപ്പാക്കാനാണ് ഞങ്ങള്‍ പ്രവര്‍ത്തന പരിശീലന രീതി മാറ്റിയത്.ഡിസംബറോടെ 3,000 അഗ്‌നിവീര്‍ സൈനികര്‍ക്ക് പ്രാഥമിക പരിശീലനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ആവശ്യമായ ജീവനക്കാരെ ഉറപ്പാക്കാന്‍ വരും വര്‍ഷങ്ങളില്‍ ഈ എണ്ണം വര്‍ദ്ധിപ്പിക്കും. അടുത്ത വര്‍ഷം മുതല്‍ വനിതാ അഗ്‌നിവീറുകളെ പ്രവേശിപ്പിക്കാനും ഞങ്ങള്‍ പദ്ധതിയിടുന്നു. അതിനായുളള അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നത് പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.