ഇറാന് പിന്നാലെ ഇന്ത്യയിലും ഹിജാബിനെതിരെ പ്രതിഷേധം

0
121

ഇറാനിലെ ഹിജാബ് വിഷയം ലോകശ്രദ്ധയാകർഷിക്കുകയാണ്. ഹിജാബിനെതിരെ ഇറാനിലെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം നടക്കുകയാണ്. ലോകമെമ്പാടുമുള്ള സ്ത്രീകൾ ഇറാനിയൻ സ്ത്രീകൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നു. ഇപ്പോഴിതാ ഇറാനിലെ ഹിജാബിനെതിരെയുള്ള പ്രതിഷേധത്തിൻ്റെ തീപ്പൊരികൾ ഇന്ത്യയിലും എത്തിയിരിക്കുന്നു. ഡൽഹിയോട് ചേർന്നു കിടക്കുന്ന യുപിയിലെ നോയിഡയിൽ നിന്നുള്ള ഒരു സ്ത്രീയാണ് സ്വന്തം മുടി മുറിച്ച് ഇറാനിയൻ സ്ത്രീകളുടെ മുടി മുറിക്കൽ പ്രതിഷേധത്തെ പിന്തുണച്ച് രംഗത്തെത്തിയത്.

നോയിഡയിലെ സെക്ടർ-15 എയിൽ താമസിക്കുന്ന ഡോ. അനുപമ ഭരദ്വാജാണ് തൻ്റെ സ്വന്തം മുടി മുറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇറാനിയൻ സ്ത്രീകൾക്ക് പിന്തുണയുമായാണ് ഡോ.അനുപമ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

21-ാം നൂറ്റാണ്ടിലേക്കാണ് നാം എത്തിയിരിക്കുന്നതെന്ന് പറയുമ്പോഴും ഇത്തരം സംഭവങ്ങൾ വേദനിപ്പിക്കുന്നുവെന്ന് ഡോ.അനുപമ പറയുന്നു. ഇവിടെ ഏതെങ്കിലും മതത്തെക്കുറിച്ചല്ല ചർച്ച ചെയ്യേണ്ടത്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചാണ്. ഇന്ത്യയിലും സ്ത്രീകൾക്ക് ധാരാളം പ്രശ്നങ്ങളുണ്ട്, അതും ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും അനുപമ പറഞ്ഞു.

ഇതാണ് ശരിയായ സമയമെന്നും മതത്തിൻ്റെയും സമൂഹത്തിൻ്റെയും വേലിക്കെട്ടുകളെ കുറിച്ച് പറഞ്ഞ് സ്ത്രീകളെ ചൂഷണം ചെയ്യുകയും സ്ത്രീകളുടെ അവകാശങ്ങൾ ഹനിക്കുകയും ചെയ്യുന്ന നടപടികളിലേക്ക് ശ്രദ്ധ ആകർഷിക്കാനാണ് മഹ്‌സ അമിനിയ്ക്ക് പിന്തുണ നൽകുന്നതെന്നും അവർ പറഞ്ഞു.