യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ 51-ാമത് റെഗുലർ സെഷനിൽ ചൈനയിലെ സിൻജിയാങ് മേഖലയിലെ മനുഷ്യാവകാശ സ്ഥിതിയെക്കുറിച്ച് ചർച്ച നടത്തുന്നതിനുള്ള കരട് പ്രമേയ വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് ഇന്ത്യ. ഉയിഗൂർ മുസ്ലീങ്ങൾക്കെതിരെ ചൈനീസ് ഭരണകൂടം മനുഷ്യാവകാശ ലഘംനം നടത്തുന്നുവെന്നായിരുന്നു പ്രമേയത്തിലെ പ്രധാന ആരോപണം.
പാശ്ചാത്യർക്ക് തിരിച്ചടിയായി, കാനഡ, ഡെൻമാർക്ക്, ഫിൻലാൻഡ്, ഐസ്ലാൻഡ്, നോർവേ, സ്വീഡൻ, യുകെ, യുഎസ്എ എന്നിവ ഉൾപ്പെടുന്ന ഒരു കോർ ഗ്രൂപ്പാണ് കരട് പ്രമേയം അവതരിപ്പിച്ചത്. 17 അംഗങ്ങൾ മാത്രമാണ് അനുകൂലിച്ച് വോട്ട് ചെയ്തത്. ചൈന, പാകിസ്ഥാൻ, നേപ്പാൾ എന്നിവരുൾപ്പെടെ 19 അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തു. ഇന്ത്യ, ബ്രസീൽ, മെക്‌സിക്കോ, ഉക്രെയ്ൻ എന്നിവയുൾപ്പെടെ 11 അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ച് ഒരു രാജ്യത്തെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നത് സഹായകരമല്ലെന്ന രാജ്യത്തിന്റെ മുൻനിലപാട് അനുസരിച്ചാണ് ഇന്ത്യ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്. ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ക്രിയാത്മകമായ ചർച്ചകളെയാണ് ഇന്ത്യ അനുകൂലിക്കുന്നത്.
ചൈനയിലെ സിൻജിയാങ് ഉയ്ഗൂർ സ്വയംഭരണ മേഖലയിൽ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് മനുഷ്യാവകാശങ്ങൾക്കായുള്ള ഹൈക്കമ്മീഷണറുടെ യുഎൻ ഓഫീസ് കണ്ടെത്തിയെങ്കിലും, യുഎൻ മനുഷ്യാവകാശ കൗൺസിൽ അംഗരാജ്യങ്ങളിൽ സമവായമുണ്ടായിരുന്നില്ല.