ഇന്ത്യയിൽ നിർമ്മിച്ച ചുമ സിറപ്പുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഗാംബിയയിലെ കുട്ടികളുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നതിന് പിന്നാലെയാണിത്. അതേസമയം ഈ സിറപ്പുകൾ കയറ്റുമതിക്ക് വേണ്ടി മാത്രമാണ് നിർമ്മിച്ചതെന്നും ഇന്ത്യയിൽ വിൽക്കുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി.
ഹരിയാനയിലെ സോനെപത്തിൽ നിർമ്മിച്ച നാല് ചുമ സിറപ്പുകൾക്കെതിരെ ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരുന്നു. ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ 66 കുട്ടികൾ മരിക്കാനിടയാകുകയും ഗുരുതരമായ വൃക്ക പ്രശ്നങ്ങളുണ്ടായതിന് ഈ മരുന്നുകളുമായി ബന്ധമുണ്ടെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്. ഇതിനെത്തുടർന്ന്, സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഒ) അന്വേഷണം ആരംഭിച്ചിരുന്നു.
ഗാംബിയയിലേക്ക് ഉത്പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്ന ചുമ, ജലദോഷം എന്നിവയുടെ സിറപ്പുകൾക്കെതിരെ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുട്ടികൾ മരിച്ച ഗാംബിയയ്ക്ക് സാങ്കേതിക സഹായവും ഉപദേശവും നൽകുന്നുണ്ടെന്ന് ഡിസിജിഐയെ അറിയിച്ചതായി ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പ്രോമെതസൈൻ ഓറൽ സൊല്യൂഷൻ, കോഫെക്‌സ്മാലിൻ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നിവയാണ് അപടകടകരമായ നാല് മരുന്നുകൾ.
ഈ ഉൽപ്പന്നങ്ങളുടെ നിർമ്മാതാവ് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്, ഹരിയാന, ഇന്ത്യ, ഇതുവരെ, ഈ ഉൽപ്പന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും സംബന്ധിച്ച് ലോകാരോഗ്യ സംഘടനയ്ക്ക് ഉറപ്പ് നൽകിയിട്ടില്ല. ഗാംബിയയിൽ മാത്രമേ കണ്ടെത്തിയിട്ടുള്ളൂവെങ്കിലും അവ മറ്റ് രാജ്യങ്ങളിലേക്ക് വിതരണം ചെയ്തിരിക്കാമെന്ന് ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു.
രോഗികൾക്ക് കൂടുതൽ ദോഷം ചെയ്യാതിരിക്കാൻ എല്ലാ രാജ്യങ്ങളും ഈ ഉൽപ്പന്നങ്ങൾ കണ്ടെത്തി നീക്കം ചെയ്യാനും അവർ ശുപാർശ ചെയ്തിട്ടുണ്ട്. നാല് ഉൽപ്പന്നങ്ങളിൽ ഓരോന്നിന്റെയും സാമ്പിളുകളുടെ ലബോറട്ടറി വിശകലനത്തിൽ അവയിൽ അസ്വീകാര്യമായ അളവിൽ ഡൈതൈലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും ഉണ്ടെന്ന് സ്ഥിരീകരിക്കുന്നു.
ഡൈതൈലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും മനുഷ്യ ശശീരത്തിന് അപകടമാണ്. വയറുവേദന, ഛർദ്ദി, വയറിളക്കം, മൂത്രമൊഴിക്കാനുള്ള കഴിവില്ലായ്മ, തലവേദന, മാനസികാവസ്ഥയിലെ മാറ്റം, മരണത്തിലേക്ക് നയിച്ചേക്കാവുന്ന വൃക്ക തകരാറുകൾ എന്നിവ ഇവയുടെ ഫലങ്ങളിൽ ഉൾപ്പെടാം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.