ഡോളറിനെതിരെ രൂപയുടെ മൂല്യം ആദ്യമായി 82ന് താഴെ

0
74

80 രൂപക്ക് മുകളിലേക്ക് ഇടിയില്ലെന്ന പ്രവചനങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് ഡോളറിന് മുന്‍പില്‍ കിതയ്ക്കുകയാണ് ഇന്ത്യന്‍ രൂപ. വിപണി അനുസരിച്ച് എക്കാലത്തെയും ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ രൂപയുടെ മൂല്യം.

ഇന്ന് രാവിലെ വ്യാപാരത്തിൽ രൂപയുടെ മൂല്യം 40 പൈസ ഇടിഞ്ഞ് 82 .28 ൽ എത്തിയിരുന്നു. എന്നാല്‍ അവിടെയും നിന്നില്ല, ഉച്ചയോടെ 82.37 ലേയ്ക്ക് വീണ്ടും തഴുകയായിരുന്നു ഇന്ത്യന്‍ രൂപ.

അതേസമയം, പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് ഫെഡറൽ റിസർവ് കൈക്കൊള്ളുന്ന നടപടികള്‍ ഫലം കാണുകയാണ്. കുതിപ്പ് തുടരുന്ന ഡോളര്‍ നിലവിലെ കണക്കുകൾ പ്രകാരം യു എസ് ഡോളർ സൂചിക (US Dollar Index) 20 വർഷത്തിലെ ഉയർന്ന നിരക്കിലാണ് നിലകൊള്ളുന്നത്.

എന്നാല്‍, ഡോളറിന്‍റെ കുതിപ്പ് രൂപയെ മാത്രമല്ല, മറ്റ് ഏഷ്യന്‍ കറന്‍സികളേയും സാരമായി ബാധിച്ചിട്ടുണ്ട്. രൂപയ്ക്കൊപ്പം ഇവയുടെയും മൂല്യം കുത്തനെ ഇടിയുകയാണ്. യൂറോയും രണ്ടു പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയിരിയ്ക്കുകയാണ്.

റഷ്യ യുക്രൈന്‍ യുദ്ധം തുടരുന്നതും ആഗോള മാന്ദ്യവും മറ്റ് രാജ്യാന്തര സംഭവ വികാസങ്ങളും ഡോളറിനെ അതിശക്ത കറൻസിയായി മാറ്റുകയാണ് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ നടത്തുന്ന വിലയിരുത്തല്‍.

എന്തുകൊണ്ടാണ് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത്?

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് ഫെഡറൽ റിസർവ് കൈക്കൊള്ളുന്ന നടപടികളാണ് രൂപയടക്കം ഏഷ്യന്‍ കറന്‍സികളുടെ ഇടിവിന് പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രൂപയുൾപ്പെടെയുള്ള മറ്റ് കറൻസികളിൽ സമ്മർദ്ദം ചെലുത്തിയാണ് യുഎസ് ഡോളർ മുന്നേറുന്നത്. അതിന് പല കാരണങ്ങളും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഒന്ന്, യുഎസിനെ നിക്ഷേപകർ സുരക്ഷിതമായ ലക്ഷ്യസ്ഥാനമായി കണക്കാക്കുന്നു, ഭൂരിഭാഗം നിക്ഷേപകരുടെയും ഭവനമായാണ് യു.എസ് നിലകൊള്ളുന്നത്. രണ്ട്, യുഎസ് സെൻട്രൽ ബാങ്കായ ഫെഡറൽ റിസർവ് പണമിടപാട് കർശനമാക്കിയത്.

അതേസമയം, ഒക്‌ടോബർ 3-6 തീയതികളിലെ 40 എഫ്‌എക്‌സ് അനലിസ്റ്റുകളുടെ റോയിട്ടേഴ്‌സ് വോട്ടെടുപ്പ് പ്രകാരം, കറന്‍സികളുടെ ഈ താഴോട്ടുള്ള പ്രവണത ഉടൻ മാറാൻ സാധ്യതയില്ല, ഇത് ഇന്ത്യന്‍ കറൻസിയുടെ മൂന്ന് മാസത്തെ ശരാശരി മൂല്യമായി കാണിയ്ക്കുന്നത് Rs 82/$ എന്നാണ്.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇനിയും കുറയാനുള്ള സാധ്യതയാണ് സാമ്പത്തിക വിദഗ്ധർ കാണുന്നത്. വരുംകാലത്ത് കറൻസി 82 കടന്ന് വീണ്ടും കൂടുതല്‍ ദുർബലമാകുമെന്ന ആശങ്കയാണ് സാമ്പത്തിക വിദഗ്ധര്‍ പങ്കുവയ്ക്കുന്നത്.